

ദോഹ: മുംബൈയില്‍ നിന്ന് ദോഹയിലേക്ക് നേരിട്ട് വിമാന സര്‍വീസുമായി വിസ്താര എയര്‍. ഡിസംബര്‍ 15ന് പുതിയ സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

എ321 നിയോ വിമാനമാണ് മുംബൈ- ദോഹ റൂട്ടില്‍ പ്രതിവാരം നാല് സര്‍വീസുകള്‍ നടത്തുക. വിസ്താര എയറിന്റെ അന്‍പതാമത് ലക്ഷ്യസ്ഥാനമാണ് ദോഹ.

മിഡില്‍ ഈസ്റ്റിലെ പ്രധാന സാമ്പത്തിക കേന്ദ്രമായ ദോഹയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന സര്‍വീസ് മുംബൈയില്‍ നിന്ന് ആരംഭിക്കാന്‍ കഴിഞ്ഞത് ആഹ്ലാദം പകരുന്നതായി എയര്‍ലൈന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കണ്ണന്‍ പറഞ്ഞു. ദുബായ്, അബുദാബി, ഷാര്‍ജ, ദമാം, ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കും നിലവില്‍ വിസ്താര എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. ദല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകളാണിവ.
