

ആലുവ: ആലുവ അനാശാസ്യങ്ങളുടേയും അന്യസംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങളുടേയും നഗരമായി മാറിയെന്ന് ആഗോളവാര്‍ത്ത മുമ്പേ മുന്നറിയിപ്പ് നല്‍കി. ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിച്ച വാര്‍ത്തയും വീഡിയോകളും ഇതിന്റെ തെളിവുകള്‍ നിരത്തി. എന്നിട്ടും അധികൃതരുടെ ശ്രദ്ധ ആവശ്യമായ വിധത്തില്‍ അതിലേക്കെത്തിയില്ല. ആറുവയസ്സുകാരി ചാന്ദ്‌നിയുടെ കൊലപാതകവും ഇക്കാര്യം അടിവരയിടുന്നു.

വാര്‍ത്തയുടെ ലിങ്ക് ഇതോടൊപ്പം:

ആറു വയസ്സുകാരി ചാന്ദ്‌നിയെ കണ്ടെത്തിയത് മൃതശരീരം കുത്തിയൊടിച്ച് ചാക്കില്‍ കെട്ടിയ നിലയില്‍. ബിഹാറിലെ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെയും നീതു കുമാരിയുടെയും നാലു മക്കളില്‍ രണ്ടാമത്തെ മകളാണ് ആറുവയസ്സുകാരിയായ കൊല്ലപ്പെട്ട ചാന്ദ്നി. തായിക്കാട്ടുകര സ്‌കൂള്‍ കോംപ്ലക്സിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ചാന്ദ്നി. ഒരു മകനും മൂന്ന് പെണ്‍മക്കളുമാണ് ഇവര്‍ക്കുള്ളത്.
ആലുവ മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബീഹാറി കുടുംബം വെള്ളിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് പലയിടങ്ങളിലും തിരഞ്ഞെങ്കിലും കണ്ടെത്താനാവാതെ വന്നപ്പോള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രാത്രിയോടെ പ്രതി അസം സ്വദേശിയായ അസ്ഫാഖ് ആലത്തെ പൊലീസ് പിടികൂടി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ശനിയാഴ്ച ഉച്ചയോടെയാണ് പെരിയാര്‍ തീരത്തെ മാലിന്യക്കൂമ്പാരത്തില്‍ ചാന്ദ്നിയെ ചാക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തിയത്.
അസ്ഫാക്ക് ആലം കുട്ടിയേയും കൂട്ടി പോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി നല്‍കിയെന്നാണ് ഇയാള്‍ പറഞ്ഞത്. സക്കീര്‍ ഹുസൈന്‍ എന്നയാള്‍ക്കാണ് കുട്ടിയെ കൈമാറിയതത്രെ. എന്നാല്‍ ഇത് കളവാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.
മുക്കത്തെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയ കുട്ടിക്ക് ജ്യൂസ് വാങ്ങി നല്‍കിയെന്നും കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ സുഹൃത്തിന്റെ സഹായം ലഭിച്ചെന്നും പ്രതി പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
പ്രതിയെ തെളിവെടുപ്പിനായി പ്രദേശത്തെത്തിച്ചപ്പോള്‍ വന്‍ രോഷമാണ് നാട്ടുകാര്‍ പ്രകടിപ്പിച്ചത്. ജനങ്ങള്‍ പ്രതിക്കു നേരെ ആക്രോശിക്കുകയും പാഞ്ഞടുക്കുകയും ചെയ്തതോടെ പൊലീസിന് തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ മടങ്ങേണ്ടി വന്നു.
പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ രണ്ടു ദിസവം മുമ്പാണ് അസ്ഫാക്ക് ആലം താമസിക്കാന്‍ എത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് മൂന്നേകാലോടെ കുട്ടിയുടെ കൈ പിടിച്ച് ഒരാള്‍ ആലുവ മാര്‍ക്കറ്റിന്റെ പിന്‍വശത്തേക്ക് പോകുന്നതു കണ്ടിരുന്നുവെന്നും സംശയം തോന്നി ചോദിച്ചപ്പോള്‍ തന്റെ കുട്ടിയാണെന്ന് പ്രതി മറുപടി പറഞ്ഞതായും മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളി താജുദ്ദീന്‍ പറഞ്ഞു. കുട്ടിയുടെ കൈയില്‍ മിഠായി ഉണ്ടായിരുന്നുവെന്നും എങ്ങോട്ടാണ് പോകുന്നതെന്ന ചോദ്യത്തിന് മദ്യപിക്കാനാണെന്ന മറുപടി നല്‍കിയതായും താജുദ്ദീന്‍ പറയുന്നു. പ്രതിക്കു പിറകെ രണ്ടു മൂന്നു പേര്‍ കൂടി ഉണ്ടായിരുന്നതായും എന്നാല്‍ അവരെ കൃത്യമായി ഓര്‍മയില്ലെന്നും താജുദ്ദീന്‍ പറഞ്ഞു.
കുട്ടിയെ കാണാതായ വാര്‍ത്ത വൈകിട്ട് ടി വിയില്‍ കണ്ടതോടെ അത് താന്‍ കണ്ട കുട്ടിയാണെന്ന് തിരിച്ചറിഞ്ഞതായും ഉടന്‍ പൊലീസില്‍ വിളിച്ച് വിവരം പറഞ്ഞതായും താജുദ്ദീന്‍ പറഞ്ഞു.
ചാന്ദ്‌നിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്നും പൊലീസ് ജാഗ്രത കാണിച്ചില്ലെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ കുറ്റപ്പെടുത്തി.
ആലുവ പോലൊരു ചെറിയ പ്രദേശത്ത് പോലും കാര്യക്ഷമമായി അന്വേഷണം നടത്താന്‍ സാധിക്കാത്ത വിധം ദുരന്തമായി പൊലീസ് മാറിയിരിക്കുകയാണെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫൈറ്റേഴ്‌സ് ആവശ്യപ്പെട്ടു.
ആലുവയില്‍ വര്‍ധിച്ചുവരുന്ന മദ്യം, മയക്കുമരുന്ന്, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസ്, ഭരണാധികാരികള്‍ പരാജയപ്പെട്ടതായി ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗം എം എന്‍ ഗോപി ചൂണ്ടിക്കാട്ടി. റെയില്‍വേ സ്റ്റേഷന്‍, മാര്‍ക്കറ്റ്, ബസ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പ്രവര്‍ത്തനം വ്യാപകമായിരിക്കുന്നു. ചാന്ദിനി എന്ന ബാലികക്കുണ്ടായ ദാരുണമായ അനുഭവം മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ ഈ ശക്തികള്‍ക്ക് എതിരെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി നിന്നുകൊണ്ട് ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കാന്‍ തയ്യാറാകണമെന്നും എം എന്‍ ഗോപി ആവശ്യപ്പെട്ടു.

