
ദോഹ: 2026ലെ ആദ്യ പത്ത് മാസത്തിനിടെ ഖത്തറിലെ വിവിധ കര, വ്യോമ, കടല്‍ പ്രവേശന കവാടങ്ങളിലൂടെ രാജ്യത്തെത്തിയത് 29.5 ലക്ഷം സന്ദര്‍ശകര്‍. ഖത്തര്‍ ടൂറിസം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സെപ്റ്റംബറില്‍ 2.76 ലക്ഷം പേരാണ് ഖത്തര്‍ സന്ദര്‍ശിച്ചതെങ്കില്‍ ഒക്ടോബറില്‍ ഇത് 3.36 ലക്ഷമായി ഉയര്‍ന്നു. ഇതോടെ ഒക്ടോബറില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 21.7 ശതമാനം വര്‍ധന രേഖപ്പെടുത്തി.

ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ വിവിധ മേഖലകളില്‍ നിന്നുള്ള സന്ദര്‍ശകരുടെ സാന്നിധ്യം ഖത്തറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) രാജ്യങ്ങളില്‍ നിന്നാണ്. ആകെ സന്ദര്‍ശകരുടെ 39.9 ശതമാനമായ 11.76 ലക്ഷം പേരാണ് ജി സി സി രാജ്യങ്ങളില്‍ നിന്നെത്തിയത്.
21.4 ശതമാനം വിഹിതവുമായി ഏഷ്യ, ഓഷ്യാനിയ മേഖലകളാണ് രണ്ടാം സ്ഥാനത്ത്. ഈ മേഖലകളില്‍ നിന്ന് 6.30 ലക്ഷം പേരാണ് ഖത്തറിലെത്തിയത്.
6.20 ലക്ഷം സന്ദര്‍ശകരുമായി യൂറോപ്പ് മൂന്നാം സ്ഥാനത്തെത്തി. ആകെ സന്ദര്‍ശകരുടെ 21 ശതമാനമാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍.
അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ നിന്ന് 2.16 ലക്ഷം പേര്‍ ഖത്തറിലെത്തി. ആകെ സന്ദര്‍ശകരുടെ 7.3 ശതമാനമാണിത്.
മറ്റ് അറബ് രാജ്യങ്ങളില്‍ നിന്ന് 2.09 ലക്ഷം സന്ദര്‍ശകരെത്തി. 7.1 ശതമാനമാണ് ഈ വിഭാഗത്തിന്റെ വിഹിതം.
മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ആറാം സ്ഥാനത്ത്. ഈ മേഖലയില്‍ നിന്ന് 96,000 പേര്‍ ഖത്തര്‍ സന്ദര്‍ശിച്ചു. ആകെ സന്ദര്‍ശകരുടെ ഏകദേശം 3.3 ശതമാനമാണിത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ വരവിലുണ്ടായ വര്‍ധന ഖത്തറിന്റെ വിനോദസഞ്ചാര മേഖലയിലെ സജീവമായ മുന്നേറ്റമാണ് സൂചിപ്പിക്കുന്നത്.

