

ദോഹ: നവംബര്‍ 2, 3 തിയ്യതികളില്‍ ദോഹയില്‍ നടക്കുന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

‘കാത്തുവെക്കാം സൗഹൃദ തീരം’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഉദ്ഘാടന സെഷന്‍, സാംസ്്കാരിക സമ്മേളനം, വിദ്യാര്‍ഥി സമ്മേളനം, കുടുംബ സംഗമം, യുവജന സമ്മേളനം, സമാപന സമ്മേളനം, കലാ സന്ധ്യ തുടങ്ങിയ സെഷനുകളിലായി കേരളത്തിലും ഖത്തറിലുമുള്ള വിശിഷ്ട വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.


കാലിക പ്രസക്തമായ പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തിന് ഖത്തറിലെ മലയാളി സമൂഹത്തില്‍ നിന്ന് ആശാവഹമായ പിന്തുണയാണ് ലഭിക്കുന്നതെന്നും ‘മീഡിയവണ്‍’ സമ്മേളനത്തിന്റെ മീഡിയ പാര്‍ട്ണറായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ കായിക മത്സരങ്ങള്‍, കലാമത്സരങ്ങള്‍, ആരോഗ്യ ബോധവല്‍കരണ ക്ലാസുകള്‍ തുടങ്ങിയവ വരും ദിവസങ്ങളില്‍ നടക്കും.

ഐ സി സി അശോക ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം സമ്മേളനത്തിന്റെ ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്തി. ചെയര്‍മാന്‍ ഷറഫ് പി ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ഷമീര്‍ വലിയവീട്ടില്‍, മുഖ്യരക്ഷാധികാരി എ പി മണികണ്ഠന്‍, ഉപദേശക സമിതി ചെയര്‍മാന്‍ എബ്രഹാം ജോസഫ്, ചീഫ് കോര്‍ഡിനേറ്റര്‍ കെ മുഹമ്മദ് ഈസ, വൈസ് ചെയര്‍മാന്‍ കെ എന്‍ സുലൈമാന്‍ മദനി, വിവിധ സംഘടനാ പ്രതിനിധികളായ ഷാനവാസ് ബാവ, ഡോ. സമദ്, സമീര്‍ ഏറാമല, അഹ്മദ് കുട്ടി, എസ് എ എം ബഷീര്‍, ജൂട്ടാസ് പോള്‍, മുനീര്‍ മങ്കട, വര്‍ക്കി ബോബന്‍, ഡോ. സമീര്‍ മൂപ്പന്‍, ജോപ്പച്ചന്‍ തെക്കേകൂറ്റ്, നവാസ് പാലേരി, ഫൈസല്‍ സലഫി, അബൂബക്കര്‍ മാടപ്പാട്ട്, ഖലീല്‍ എ പി, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ ഡോ. സാബു, സിയാദ് കോട്ടയം, ആഷിഖ് അഹ്മദ്, സറീന അഹദ്, അമീനു റഹ്മാന്‍, മിനി സിബി, ഡോ. ബിജു ഗഫൂര്‍, അബ്ദുല്‍ ലത്തീഫ് നല്ലളം തുടങ്ങിയവര്‍ സംസാരിച്ചു.

