ഖത്തര്‍ ആഗോള നേതൃരാജ്യം; സമഗ്ര തന്ത്രപര പങ്കാളിത്തം പ്രതീക്ഷിക്കുന്നു: ഗയാന പ്രസിഡന്റ്

Web Desk
4 Min Read

ദോഹ: സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ പ്രാധാന്യത്തില്‍ അധിഷ്ഠിതമായ പൊതുവായ കാഴ്ചപ്പാടാണ് ഖത്തറും ഗയാനയും പങ്കിടുന്നതെന്ന് കോ-ഓപ്പറേറ്റീവ് റിപ്പബ്ലിക് ഓഫ് ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലി. സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നതിന് മുമ്പുതന്നെ അവയുടെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനും സമാധാനം പ്രോത്സാഹിപ്പിക്കുന്ന ശക്തമായ ചട്ടക്കൂടുകളും പ്രവര്‍ത്തന അജണ്ടകളും രൂപപ്പെടുത്തുന്നതിനുമാണ് സംഘര്‍ഷ പ്രതിരോധം ആരംഭിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

city exchange

ലോകമെമ്പാടുമുള്ള മാനവിക പ്രവര്‍ത്തനങ്ങളില്‍ ഖത്തര്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്നും സാമൂഹിക, ആരോഗ്യ വികസന പദ്ധതികള്‍ക്ക് രാജ്യം നല്‍കുന്ന പിന്തുണ ശ്രദ്ധേയമാണെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് കോവിഡ്-19 മഹാമാരിയുടെ കാലത്ത് ഖത്തര്‍ നല്‍കിയ പിന്തുണ അദ്ദേഹം പ്രശംസിച്ചു.

ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് (ക്യു എന്‍ എ) നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവാദത്തിലൂടെയും സങ്കീര്‍ണമായ വിഷയങ്ങളില്‍ പരിഹാരം കണ്ടെത്തുന്നതിനുള്ള പ്രതിബദ്ധതയിലൂടെയുമാണ് സമാധാനം കൈവരിക്കാനാകുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. സംയുക്ത പ്രവര്‍ത്തനം, പ്രതിബദ്ധത, പരസ്പര ബഹുമാനം, കരാറുകളോടുള്ള ആദരവ് എന്നിവയിലൂടെ സംവാദത്തിനും സമവായത്തിനും അനുകൂലമായ സാഹചര്യം സൃഷ്ടിക്കണമെന്ന ഖത്തറിന്റെ കാഴ്ചപ്പാട് ഗയാനയും പങ്കിടുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഗയാനയും ഖത്തറും തമ്മിലുള്ള വികസന സഹകരണത്തിന്റെ ചട്ടക്കൂട് കൂടുതല്‍ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുകയാണ് നിലവിലെ ഖത്തര്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം പൊതുവായ അഭിലാഷങ്ങളില്‍ അധിഷ്ഠിതമാണെന്നും മാനവവിഭവശേഷി വികസനം, ഊര്‍ജം, ഗതാഗതം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ സുരക്ഷ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിലേക്ക് ബന്ധം നീങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -
Ad image

നയതന്ത്ര, സാമൂഹിക വികസന മേഖലകളിലെ സഹകരണത്തില്‍നിന്ന് വിവിധ മേഖലകളിലെ അവസരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ പങ്കാളിത്തത്തിലേക്ക് ഇരു രാജ്യങ്ങളുടെയും ബന്ധം വളര്‍ന്നതായി പ്രസിഡന്റ് പറഞ്ഞു.

‘ഗയാനയുടെ പ്രധാന പങ്കാളിയാണ് ഖത്തര്‍. ഊര്‍ജ മേഖലയില്‍ മാത്രമല്ല, ആഗോള സമാധാനം ഉറപ്പാക്കുന്നതിലും വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ ആഗോള ഉത്തരവാദിത്തം മുന്നോട്ടുകൊണ്ടുപോകുന്നതിലും ഖത്തര്‍ ആഗോള നേതാവാണ്. നിരവധി മേഖലകളില്‍ ഖത്തര്‍ ശക്തമായ പിന്തുണയും ആഗോള നേതൃത്വവും നല്‍കുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു. കൂടുതല്‍ സാങ്കേതിക പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

ഖത്തര്‍ സ്വകാര്യ മേഖലയ്ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഗയാനയിലെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും നിക്ഷേപകരെ അവ പ്രയോജനപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവസരമാണ് സന്ദര്‍ശനം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഊര്‍ജ മേഖലയ്ക്ക് പുറമെ വിവിധ മേഖലകളില്‍, പ്രത്യേകിച്ച് ഭക്ഷ്യസുരക്ഷാ രംഗത്ത്, ഖത്തര്‍ നിക്ഷേപങ്ങള്‍ക്ക് ഗയാനയില്‍ വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗയാനയില്‍ സമൃദ്ധമായ ശുദ്ധജല വിഭവങ്ങളും വിശാലമായ കൃഷിയോഗ്യ ഭൂമിയും ഉണ്ടെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഖത്തറിന്റെ ലഭ്യമായ മൂലധനവും സാങ്കേതികവിദ്യയും ഗയാനയുടെ കാര്‍ഷിക സാധ്യതകളും സംയോജിപ്പിച്ചാല്‍ അസാധാരണമായ സഹകരണ സാധ്യതകള്‍ തുറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഖനന മേഖലയിലും ഗയാനയില്‍ വലിയ സാധ്യതകളുണ്ടെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ദേശീയ ശേഷി വികസിപ്പിക്കുന്നതിനും ഊര്‍ജ മേഖലയും അതുമായി ബന്ധപ്പെട്ട സാമ്പത്തിക സാധ്യതകളും കൈകാര്യം ചെയ്യുന്നതിനും ഖത്തര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന സാങ്കേതിക പിന്തുണ പ്രയോജനപ്പെടുത്താനും അവസരങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗയാനയിലെ ഖത്തര്‍ നിക്ഷേപങ്ങളെക്കുറിച്ച് സംസാരിക്കവെ, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (ക്യു ഐ എ) കാര്‍ഷിക, ഖനന മേഖലകളിലെ നിക്ഷേപ സാധ്യതകള്‍ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ ഗയാനയില്‍ പരിഗണിച്ചുവരികയാണെന്ന് പ്രസിഡന്റ് പറഞ്ഞു. ഊര്‍ജ മേഖലയിലും കൂടുതല്‍ സജീവമായ പങ്കാളിത്തത്തിനുള്ള സാധ്യതകള്‍ അതോറിറ്റി പരിശോധിക്കുന്നുണ്ട്.

ഖത്തര്‍ എനര്‍ജിയും ഗയാനയില്‍ നിക്ഷേപ പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുന്നതിനുള്ള മറ്റ് മേഖലകളും സാധ്യതകളും പരിഗണിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളും താത്പര്യവും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എണ്ണവികസനവും കാലാവസ്ഥാ പ്രതിബദ്ധതകളും തമ്മിലുള്ള സന്തുലിതാവസ്ഥ സംബന്ധിച്ച്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള പൊതുവായ ശ്രമങ്ങളില്‍ മാത്രം ഗയാന ആശ്രയിക്കുന്നില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. ഇതിനായി കൃത്യമായ നടപടികളും പദ്ധതികളും സംരംഭങ്ങളും രാജ്യം നടപ്പാക്കിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതി സേവന മേഖലയില്‍ ഖത്തര്‍ തന്ത്രപരമായ പങ്കാളിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഗയാന കുറഞ്ഞ കാര്‍ബണ്‍ വികസന തന്ത്രം നടപ്പാക്കിവരികയാണ്. രാജ്യത്തിന്റെ 85 ശതമാനം പ്രദേശവും വനങ്ങളാണ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ വനനശീകരണ നിരക്കാണ് ഗയാനയിലുള്ളതെന്നും ഏകദേശം 19.5 ഗിഗാടണ്‍ കാര്‍ബണ്‍ സംഭരിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

ഗയാനയ്ക്ക് വലിയ കാര്‍ബണ്‍ വിപണിയുണ്ടെന്നും പ്രത്യേക ജൂറിസ്ഡിക്ഷണല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗയാനയുടെ കാര്‍ബണ്‍ ക്രെഡിറ്റുകള്‍ മധ്യപൂര്‍വദേശത്തെയും ആഗോള വിപണികളെയും എത്തിക്കാനും അവ പ്രോത്സാഹിപ്പിക്കുന്നതില്‍ ഖത്തര്‍ തന്ത്രപരമായ പങ്കാളിയാകാനും കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്ലോബല്‍ ബയോഡൈവേഴ്‌സിറ്റി അലയന്‍സില്‍ ഖത്തര്‍ ചേരണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ വഹിക്കുന്ന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.

ഊര്‍ജം, എണ്ണ, വാതകം എന്നീ മേഖലകളില്‍ മാത്രം ഒതുങ്ങുന്നതല്ല ഇരു രാജ്യങ്ങളുടെയും സഹകരണമെന്നും കാലാവസ്ഥ, കാലാവസ്ഥാ സമ്പദ്വ്യവസ്ഥ, പരിസ്ഥിതി സേവനങ്ങള്‍, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ സമഗ്രമായ തന്ത്രപര പങ്കാളിത്തത്തിലേക്ക് അത് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വ്യോമഗതാഗത ബന്ധം സംബന്ധിച്ച് ഖത്തര്‍ എയര്‍വേയ്സുമായി ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയതായി പ്രസിഡന്റ് വെളിപ്പെടുത്തി. ദോഹയ്ക്കും ഗയാനയുടെ തലസ്ഥാനമായ ജോര്‍ജ്ടൗണിനുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നടന്നത്.

ഖത്തര്‍ എയര്‍വേയ്സിന്റെ വിപുലീകരണ പദ്ധതികളിലും റൂട്ട് ശൃംഖല വികസനത്തിലും ഗയാനയെ ഉള്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ പ്രധാന മുന്‍ഗണനകളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ മേഖലയിലെ ഖത്തറിന്റെ നൂതന ശേഷികളെ പ്രസിഡന്റ് പ്രശംസിച്ചു. ആരോഗ്യ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മാനവവിഭവശേഷി വികസിപ്പിക്കുന്നതിനുമായി ഖത്തറില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരെ ഗയാനയിലേക്ക് അയച്ച മെഡിക്കല്‍ സഹകരണ പദ്ധതിയെ അദ്ദേഹം എടുത്തുപറഞ്ഞു.

വിദ്യാഭ്യാസ മേഖലയിലെ ഖത്തര്‍ ഫൗണ്ടേഷന്റെ വൈദഗ്ധ്യം, പാഠ്യപദ്ധതി വികസനം, തൊഴില്‍ പരിശീലനം എന്നിവ പ്രയോജനപ്പെടുത്തുന്നതിനായി അതിന്റെ സംവിധാനവുമായി സഹകരിക്കാനുള്ള ശ്രമങ്ങളും ഗയാന നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. നിര്‍മിത ബുദ്ധി, ഡിജിറ്റല്‍വല്‍ക്കരണം, മതപഠനം തുടങ്ങിയ മേഖലകളിലും സഹകരണം ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി.

സാംസ്‌കാരിക സഹകരണത്തിന് നിര്‍ണായക പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗയാന പ്രസിഡന്റ് ക്യു എന്‍ എയ്ക്ക് നല്‍കിയ അഭിമുഖം അവസാനിപ്പിച്ചത്.

ദേശീയ സ്വത്വം സംരക്ഷിക്കുകയും ജനങ്ങളുടെ സാംസ്‌കാരിക സവിശേഷതകള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്ന വിദ്യാഭ്യാസ സംവിധാനം കെട്ടിപ്പടുക്കുന്നതിന് ഗയാന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!