
ദോഹ: ദോഹ- അള്‍ജിയേഴ്‌സ് റൂട്ടില്‍ എയര്‍ അള്‍ജീരിയുടെ നേരിട്ടുള്ള സര്‍വീസ് പുന:രാരംഭിച്ചതായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. സര്‍വീസ് പുന:രാരംഭിച്ചതോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാ സാധ്യതകള്‍ ലഭ്യമാകുകയും വിമാനത്താവളത്തിന്റെ ആഗോള വ്യോമയാന ശൃംഖല കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യും.

എയര്‍ അള്‍ജീരിയുടെ വിമാനം ദോഹയില്‍ എത്തിയതിനെ തുടര്‍ന്ന് ആഗോള വ്യോമബന്ധം കൂടുതല്‍ വിപുലപ്പെടുമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം എക്‌സ് അക്കൗണ്ടില്‍ കുറിച്ചു. രണ്ട് തലസ്ഥാന നഗരങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള സര്‍വീസ് യാത്രക്കാര്‍ക്ക് അധിക യാത്രാ സൗകര്യം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

എയര്‍ അള്‍ജീരിയുടെ സര്‍വീസ് കൂടി ഉള്‍പ്പെടുത്തിയതോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന പങ്കാളി എയര്‍ലൈനുകളുടെ എണ്ണം 37 ആയി. ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സും ഇതില്‍ ഉള്‍പ്പെടുന്നു. ലോകത്തെ 160ലേറെ നഗരങ്ങളുമായി ദോഹയെ ബന്ധിപ്പിക്കുന്നതാണ് വിമാനത്താവളത്തിന്റെ നിലവിലെ ശൃംഖല.
പ്രാദേശിക കാലാവസ്ഥാ സാഹചര്യങ്ങളും വ്യോമസുരക്ഷാ പരിഗണനകളും മൂലം ഏകദേശം ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് എയര്‍ അള്‍ജീരി സര്‍വീസ് പുന:രാരംഭിച്ചത്. 2022ലെ വേനല്‍ക്കാലത്താണ് എയര്‍ അള്‍ജീരി ദോഹയിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളോടെ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചത്.
നിലവില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ദോഹ- അള്‍ജിയേഴ്‌സ് റൂട്ടില്‍ നടത്തുന്നത്. യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് ഒക്ടോബര്‍ 25 മുതല്‍ സര്‍വീസ് ദിവസേനയാക്കാനുള്ള പദ്ധതിയും എയര്‍ അള്‍ജീരി പ്രഖ്യാപിച്ചിട്ടുണ്ട്.
എയര്‍ അള്‍ജീരിയുടെ 45-ാമത്തെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമാണ് ദോഹ. സര്‍വീസ് പുന:രാരംഭിച്ചതോടെ ആഗോള വ്യോമയാന ഹബ്ബെന്ന നിലയില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്ത് ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഖത്തറും അള്‍ജീരിയന്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കും തമ്മിലുള്ള വിനോദസഞ്ചാരം, സാമ്പത്തിക ഇടപെടല്‍, യാത്രാ ബന്ധങ്ങള്‍ എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ സര്‍വീസ് സഹായകമാകും.

