
ദോഹ: അധ്യാപകരുടെയും സ്കൂള്‍ നേതൃത്വനിരയിലുള്ളവരുടെയും തൊഴില്‍പരവും സാങ്കേതികവുമായ പരിശീലനം മെച്ചപ്പെടുത്തുന്നതിന് ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും ബ്രിട്ടീഷ് കൗണ്‍സിലും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെയും നേതൃത്വനിരയിലുള്ളവരുടെയും കഴിവുകളും തൊഴില്‍മികവും വര്‍ധിപ്പിക്കുന്നതിനും പരിശീലനവികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് സഹകരണം.

വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ലുല്‍വ ബിന്ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖാത്തറിന്റെയും ഖത്തറിലെ ബ്രിട്ടീഷ് എംബസി പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവെച്ചത്.

മന്ത്രാലയത്തിനുവേണ്ടി പരിശീലന വികസന കേന്ദ്രം ഡയറക്ടര്‍ ഈമാന്‍ സല്മാന് അല്‍ മുഹന്നദിയും ബ്രിട്ടീഷ് കൗണ്‍സിലിനുവേണ്ടി ഡയറക്ടര്‍ ഡോ. വസീം ഖുതുബും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
അധ്യാപകര്‍ക്കും സ്കൂള്‍ നേതൃത്വനിരയിലുള്ളവര്ക്കുമായി പ്രത്യേക പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനുള്ള സംയുക്ത ചട്ടക്കൂട് രൂപപ്പെടുത്തുക, അറിവും അനുഭവസമ്പത്തും തൊഴില്‍പരമായ മികച്ച രീതികളും പരസ്പരം കൈമാറുക എന്നിവയാണ് ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരുടെ ശേഷി വര്‍ധിപ്പിക്കാനും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും മാറിവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് പരിശീലന സംവിധാനങ്ങള്‍ വികസിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
അന്താരാഷ്ട്ര സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം വിപുലീകരിക്കുകയും ആഗോളതലത്തിലെ അനുഭവസമ്പത്തും മികച്ച പ്രവര്‍ത്തനരീതികളും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അധ്യാപകരുടെയും സ്കൂള്‍ നേതാക്കളുടെയും പ്രവര്‍ത്തനമികവ് ഉയര്‍ത്തുന്നതിനും വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ആധുനിക അധ്യാപനരീതികള്‍ നടപ്പാക്കുന്നതിനുമുള്ള ശേഷി വര്‍ധിപ്പിക്കാനും സഹകരണം സഹായിക്കും.
ധാരണാപത്രം സ്ഥാപനങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അനുഭവസമ്പത്ത് പങ്കുവെക്കുന്നതിനുമുള്ള പൊതുവായ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണെന്ന് ഈമാന്‍ സല്മാന് അല്‍ മുഹന്നദി പറഞ്ഞു. ഉയര്‍ന്ന തൊഴില്‍പരമായ നിലവാരങ്ങള്‍ക്കനുസരിച്ച് ജീവനക്കാരുടെ കഴിവുകള്‍ വികസിപ്പിക്കാനും ശേഷി വര്‍ധിപ്പിക്കാനും ഇത് സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി.
പ്രത്യേക പരിശീലന പരിപാടികളും ശില്പശാലകളും സംഘടിപ്പിക്കുക, തുടര്‍ച്ചയായ പഠനത്തിനും തൊഴില്‍പരമായ വളര്‍ച്ചയ്ക്കുമുള്ള അവസരങ്ങള്‍ വിപുലീകരിക്കുക, സമ്മേളനങ്ങള്‍, ഫോറങ്ങള്‍, പ്രൊഫഷണല്‍ പരിപാടികള്‍ എന്നിവ സംയുക്തമായി നടത്തുക, മികച്ച പ്രവര്‍ത്തനരീതികള്‍ പങ്കുവെക്കുക, സംയുക്ത പദ്ധതികളും സംരംഭങ്ങളും നടപ്പാക്കുക തുടങ്ങിയ മേഖലകളില്‍ ഇരു സ്ഥാപനങ്ങളും സഹകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പരിശീലനത്തിലും വികസനത്തിലും നടത്തുന്ന നിക്ഷേപം മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിനുള്ള തന്ത്രപരമായ നിക്ഷേപമാണെന്ന് അല്‍ മുഹന്നദി ചൂണ്ടിക്കാട്ടി. കഴിവുകള്‍ വികസിപ്പിക്കാനും നൈപുണ്യങ്ങള്‍ മെച്ചപ്പെടുത്താനും നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കും. വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാര്‍ക്ക് മാറ്റങ്ങള്‍ക്കനുസരിച്ച് മുന്നേറാനും ഭാവി രൂപപ്പെടുത്തുന്നതില്‍ ഫലപ്രദമായി പങ്കാളികളാകാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.
ദേശീയ വികസന ലക്ഷ്യങ്ങള്‍ക്ക് പിന്തുണ നല്കുന്ന ക്രിയാത്മക സഹകരണത്തിന്റെ പുതിയ ഘട്ടത്തിന് ധാരണാപത്രം തുടക്കമിടുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ധാരണാപത്രത്തില്‍ ഒപ്പുവെച്ചതില്‍ സന്തോഷമുണ്ടെന്ന് ബ്രിട്ടീഷ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. വസീം ഖുതുബ് പറഞ്ഞു. ബ്രിട്ടീഷ് കൗണ്‍സിലും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലുള്ള വിദ്യാഭ്യാസ പങ്കാളിത്തത്തിലെ സുപ്രധാന ചുവടുവെപ്പാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. അധ്യാപകരിലും വിദ്യാഭ്യാസ നേതൃത്വനിരയിലുള്ളവരിലും നടത്തുന്ന നിക്ഷേപം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും ഭാവിയിലുമുള്ള നിക്ഷേപമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരിശീലന പരിപാടികള്‍, ശില്പശാലകള്, അറിവിന്റെയും അനുഭവസമ്പത്തിന്റെയും കൈമാറ്റം എന്നിവയിലൂടെ തൊഴില്‍പരവും സാങ്കേതികവുമായ വികസന രംഗത്തെ സഹകരണം വിപുലീകരിക്കാന്‍ ധാരണാപത്രം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിലെയും യുണൈറ്റഡ് കിങ്ഡത്തിലെയും വിദ്യാഭ്യാസ അനുഭവങ്ങള്‍ പ്രയോജനപ്പെടുത്തി ഇരുപക്ഷത്തിന്റെയും പൊതുവായ മുന്‍ഗണനകളെ പ്രായോഗികവും ഫലപ്രദവുമായ അവസരങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം.
അധ്യാപകര്‍ക്കും വിദ്യാഭ്യാസ നേതൃത്വനിരയിലുള്ളവര്ക്കും ഉയര്‍ന്ന നിലവാരമുള്ളതും ദീര്‍ഘകാലം നിലനില്ക്കുന്നതുമായ വികസനാവസരങ്ങള്‍ ഒരുക്കുന്നതിനും ഖത്തറിലെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും തൊഴില്‍പരമായ പ്രവര്‍ത്തനരീതികള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിനും ഈ സഹകരണം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡോ. ഖുതുബ് പറഞ്ഞു.

