
പാരിസ്: ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയെയും വികസ്വര രാജ്യങ്ങളുടെ വികസന നേട്ടങ്ങളെയും ബാധിക്കാതിരിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ഖത്തര്‍. പ്രാദേശിക സംഘര്‍ഷങ്ങളുടെ പ്രത്യാഘാതങ്ങള്‍ ആഗോളതലത്തില്‍ അനുഭവപ്പെടുന്ന സാഹചര്യത്തില്‍ നയതന്ത്ര ഇടപെടലും അന്താരാഷ്ട്ര സഹകരണവും ശക്തിപ്പെടുത്തണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.

നവംബര്‍ 10, 11 തിയ്യതികളില്‍ ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ നടക്കുന്ന പാരിസ് പീസ് ഫോറം 2026ന്റെ ഭാഗമായി സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഖത്തര്‍ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. മറിയം ബിന്ത് അലി ബിന്‍ നാസര്‍ അല്‍ മിസ്നദ് പങ്കെടുത്തു. ‘ഹോര്‍മുസ് കടലിടുക്ക് അടച്ചിടുന്നതിന്റെ പ്രത്യാഘാതങ്ങള്‍: ആഗോള വികസനത്തിന് സംഘര്‍ഷം വരുത്തുന്ന അദൃശ്യ ചെലവ്’ എന്ന വിഷയത്തിലായിരുന്നു സെഷന്. ദോഹ ഫോറവും പാരിസ് പീസ് ഫോറവും സംയുക്തമായാണ് ചര്‍ച്ച സംഘടിപ്പിച്ചത്.

പ്രാദേശിക അസ്ഥിരതയുടെ നേരിട്ടുള്ള പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന രാജ്യമെന്ന നിലയിലും അന്താരാഷ്ട്ര വികസന പ്രവര്‍ത്തനങ്ങളില്‍ പ്രതിജ്ഞാബദ്ധമായ പങ്കാളിയെന്ന നിലയിലുമാണ് ഖത്തര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നയതന്ത്രം, പരമാധികാരത്തോടും അന്താരാഷ്ട്ര നിയമങ്ങളോടുമുള്ള ആദരവ്, സമുദ്രഗതാഗത സ്വാതന്ത്ര്യം എന്നിവ പ്രാദേശിക സ്ഥിരതയ്ക്കും ആഗോള സമൃദ്ധിക്കും അനിവാര്യമായ അടിസ്ഥാന തത്വങ്ങളാണെന്ന് ഖത്തര്‍ ഉറച്ചുവിശ്വസിക്കുന്നതായും അവര്‍ വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ പ്രാദേശിക പ്രതിസന്ധികള്‍ക്ക് ആഗോള പ്രത്യാഘാതങ്ങളുണ്ടെന്ന യാഥാര്‍ഥ്യമാണ് ഓര്‍മിപ്പിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ധനവിതരണം മുതല്‍ ചരക്കുനീക്കം വരെ, വളം മുതല്‍ ഭക്ഷ്യവിതരണം വരെ പ്രതിസന്ധിയുടെ ആഘാതം വ്യാപിക്കുന്നു. ആത്യന്തികമായി ഇത് സാധാരണ കുടുംബങ്ങളുടെ ജീവിതച്ചെലവിനെയും ബാധിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
അന്താരാഷ്ട്ര നാണയനിധിയുടെ കണക്കുകള്‍ പ്രകാരം വളര്‍ന്നുവരുന്നതും വികസ്വരവുമായ സമ്പദ്വ്യവസ്ഥകളിലെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ 4.5 ശതമാനത്തില്‍നിന്ന് ഈ വര്‍ഷം 3.7 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ആഗോള പണപ്പെരുപ്പം 4.7 ശതമാനമായി ഉയരുമെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഈ കണക്കുകള്ക്കുപിന്നില് വര്‍ധിച്ച ജീവിതച്ചെലവ് നേരിടുന്ന കുടുംബങ്ങളും കടം തിരിച്ചടയ്ക്കുന്നതിനും അവശ്യ പൊതുസേവനങ്ങള്‍ ഉറപ്പാക്കുന്നതിനും ഇടയില്‍ പ്രയാസകരമായ തീരുമാനങ്ങള്‍ എടുക്കേണ്ടിവരുന്ന സര്ക്കാരുകളുമാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
ഈ പ്രത്യാഘാതങ്ങള്‍ വര്‍ഷങ്ങളായി ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട രാജ്യങ്ങള്‍ കൈവരിച്ച വികസന നേട്ടങ്ങള്‍ക്ക് ഭീഷണിയാണെന്നും താത്ക്കാലിക പ്രതിസന്ധി ദീര്‍ഘകാല വികസന തടസ്സമായി മാറാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു.
നയതന്ത്ര ഇടപെടലും വികസന സഹകരണവും സംയോജിപ്പിച്ചാണ് ഖത്തര്‍ പ്രതിസന്ധികളോട് പ്രതികരിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. 2025ല്‍ ഖത്തറിലെ വിവിധ സ്ഥാപനങ്ങള്‍ ഐക്യരാഷ്ട്രസഭയുമായി 21 ദശലക്ഷം യു എസ് ഡോളറിന്റെ രണ്ട് കരാറുകളില്‍ ഒപ്പുവെച്ചിരുന്നു. ദോഹ പ്രവര്‍ത്തനപദ്ധതിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഏറ്റവും കുറഞ്ഞ വികസനം കൈവരിച്ച രാജ്യങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുമാണ് ഈ സഹായം ലക്ഷ്യമിടുന്നത്.
ഭാവിയില്‍ മുന്‍ഗണന നല്‍കേണ്ട നാല് പ്രധാന മേഖലകളും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യങ്ങള്‍ക്ക് താങ്ങാനാവുന്ന ചെലവില്‍ സമയബന്ധിതമായ സാമ്പത്തിക സഹായം ലഭ്യമാക്കുകയാണ് ആദ്യത്തേത്. കടബാധ്യത വര്‍ധിപ്പിക്കാതെ ഉയരുന്ന ചെലവുകള്‍ നേരിടാന്‍ ഇത്തരം സഹായം രാജ്യങ്ങളെ പ്രാപ്തമാക്കണം.
രണ്ടാമതായി, ഇതുവരെ കൈവരിച്ച വികസന നേട്ടങ്ങള്‍ സംരക്ഷിക്കണം. മൂന്നാമതായി, സര്‍ക്കാരുകള്‍, ഐക്യരാഷ്ട്രസഭ, വികസന പങ്കാളികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തണം. ദേശീയ മുന്‍ഗണനകള്‍ക്ക് അനുസൃതമായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വ്യക്തമായ ഉത്തരവാദിത്തവും ഉറപ്പാക്കണം.
പ്രതിസന്ധികള്‍ ഉണ്ടായശേഷം പുനര്‍നിര്‍മാണം നടത്തുന്നതിനേക്കാള്‍ അവ മുന്‍കൂട്ടി തടയുന്നതാണ് ചെലവുകുറഞ്ഞ മാര്‍ഗമെന്നും മന്ത്രി പറഞ്ഞു. വ്യാപാരത്തെ തടസ്സപ്പെടുത്തുകയും വികസനത്തെ പിന്നോട്ടടിക്കുകയും ചെയ്യുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ നയതന്ത്രവും മധ്യസ്ഥശ്രമങ്ങളുമാണ് ഏറ്റവും ശക്തമായ ഉപകരണങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ മുന്‍ഗണനകള്‍ നടപ്പാക്കുന്നതില്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. ഏറ്റവും കുറഞ്ഞ വികസനം കൈവരിച്ച രാജ്യങ്ങള്‍ക്കായുള്ള ദോഹ പ്രവര്‍ത്തനപദ്ധതിയുടെ ഉന്നതതല മധ്യകാല അവലോകന സമ്മേളനം 2027 മാര്‍ച്ച് 25 മുതല്‍ 27 വരെ ഖത്തര്‍ ആതിഥേയത്വം വഹിക്കും. നിലവിലുള്ള പ്രതിബദ്ധതകളെ പ്രായോഗിക നേട്ടങ്ങളാക്കി മാറ്റുന്നതിനുള്ള സുപ്രധാന അവസരമായിരിക്കും സമ്മേളനമെന്നും അവര്‍ പറഞ്ഞു.
ആഗോള പ്രതിസന്ധികള്‍ക്ക് താരതമ്യേന ചെറിയ ഉത്തരവാദിത്തം മാത്രമുള്ള ഏറ്റവും കുറഞ്ഞ വികസനം കൈവരിച്ച രാജ്യങ്ങള്‍ അവയുടെ പ്രത്യാഘാതങ്ങളുടെ ഏറ്റവും വലിയ ഭാരം വഹിക്കേണ്ടിവരരുതെന്നതാണ് ഖത്തറിന്റെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.
‘നേരത്തേ തന്നെ ഇടപെടുകയും ഏകോപനം ശക്തിപ്പെടുത്തുകയും വികസന നേട്ടങ്ങള്‍ സംരക്ഷിക്കുകയും വേണം. അടുത്ത ഡിസംബറില്‍ നടക്കുന്ന ദോഹ ഫോറത്തിലും ഈ ചര്‍ച്ച തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’- മന്ത്രി പറഞ്ഞു.

