
അങ്കാറ: ഖത്തറും തുര്‍ക്കിയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ കരുത്തും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള ആഗോള ശ്രമങ്ങളില്‍ ഖത്തറിന്റെ സജീവ പങ്കാളിത്തവും വ്യക്തമാക്കുന്നതാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ തുര്‍ക്കി സന്ദര്‍ശനമെന്ന് തുര്‍ക്കിയിലെ ഖത്തര്‍ അംബാസഡര്‍ ഫൈസല്‍ ബിന്‍ അബ്ദുല്ല അല്‍ ഹന്‍സാബ് പറഞ്ഞു.

ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് (ക്യുഎന്‍എ) നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സന്ദര്‍ശനത്തിന് അന്താരാഷ്ട്ര തലത്തിലും ഉഭയകക്ഷി ബന്ധങ്ങളുടെ കാര്യത്തിലും ഒരുപോലെ പ്രാധാന്യമുണ്ടെന്ന് അംബാസഡര്‍ പറഞ്ഞു. അന്റാലിയയില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 31-ാമത് കാലാവസ്ഥാ ഉച്ചകോടിയായ ലോകനേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അമീര്‍ തുടര്‍ന്ന് ഇസ്താംബൂളിലെത്തും. അവിടെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനുമായി സഹഅധ്യക്ഷത വഹിക്കുന്ന ഖത്തര്‍- തുര്‍ക്കി ഉന്നതതല തന്ത്രപ്രധാന സമിതിയുടെ 12-ാമത് സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പ്രാദേശിക, അന്തര്‍ദേശീയ സാഹചര്യങ്ങളും അവ ഉയര്‍ത്തുന്ന വെല്ലുവിളികളും കണക്കിലെടുക്കുമ്പോള്‍ ഇത്തവണത്തെ സമിതി സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് അംബാസഡര്‍ ചൂണ്ടിക്കാട്ടി. പ്രാദേശിക സുരക്ഷയും സ്ഥിരതയും, ഊര്‍ജസുരക്ഷ, വിതരണ ശൃംഖലകള്‍, മാനുഷിക- വികസന മേഖലകളിലെ മുന്‍ഗണനകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഈ സാഹചര്യത്തില്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ പശ്ചാത്തലത്തില്‍ ഖത്തറും തുര്‍ക്കിയും തമ്മിലുള്ള നിരന്തരമായ കൂടിയാലോചനകളും അടുത്ത ഏകോപനവും അനിവാര്യമാണ്. പ്രാദേശികവും അന്തര്‍ദേശീയവുമായ നിരവധി വിഷയങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും സമാനമായ നിലപാടുകളാണുള്ളത്. നയതന്ത്രപരമായ പരിഹാരങ്ങള്‍ക്കും ഫലപ്രദമായ ബഹുരാഷ്ട്ര സഹകരണത്തിനും ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അന്റാലിയയില്‍ നടക്കുന്ന ലോകനേതാക്കളുടെ ഉച്ചകോടിയിലെ അമീറിന്റെ പങ്കാളിത്തം സന്ദര്‍ശനത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും അംബാസഡര്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള ആഗോള ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കുക, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സൗഹൃദ സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തിന് പിന്തുണ നല്‍കുക എന്നിവയിലുള്ള ഖത്തറിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നത്.
ശുദ്ധ ഊര്‍ജം, സാങ്കേതികവിദ്യ, നൂതന ആശയങ്ങള്‍, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളില്‍ ഖത്തര്‍- തുര്‍ക്കി സഹകരണം കൂടുതല്‍ വിപുലീകരിക്കുന്നതിനും ഈ പൊതുമുന്ഗണനകള് അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്രവും ഉഭയകക്ഷിയുമായ തലങ്ങളില്‍ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ വ്യാപ്തിയും ആഴവും വര്‍ധിക്കുന്നതിന്റെ തെളിവാണെന്ന് അംബാസഡര്‍ അഭിപ്രായപ്പെട്ടു. മാറിക്കൊണ്ടിരിക്കുന്ന പ്രാദേശിക സാഹചര്യങ്ങള്‍ക്കിടയിലും ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് കരുത്തേകുന്ന സ്ഥാപനപരമായ സംവിധാനത്തിന്റെ ശക്തിയും സുസ്ഥിരതയും വ്യക്തമാക്കുന്നതാണ് ഉന്നതതല തന്ത്രപ്രധാന സമിതിയുടെ 12-ാമത് സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളുടെയും നേതൃത്വങ്ങളെ ഒരുമിപ്പിക്കുന്ന ഉന്നതതല സംവിധാനമെന്നതിലുപരി സമിതിക്ക് വലിയ പ്രാധാന്യമുണ്ട്. തുടര്‍ച്ചയായ സമ്മേളനങ്ങളിലൂടെ രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര, നിക്ഷേപ, പ്രതിരോധ, സാംസ്കാരിക മേഖലകളിലടക്കം വിവിധ രംഗങ്ങളില്‍ സഹകരണം വിപുലീകരിക്കുന്ന നിരവധി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2014-ല്‍ രൂപീകരിക്കുകയും 2015-ല്‍ ആദ്യ സമ്മേളനം ചേരുകയും ചെയ്തതുമുതല് ഖത്തര്‍- തുര്‍ക്കി തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പ്രധാന അടിത്തറകളിലൊന്നായി സമിതി മാറിയിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും നേതൃത്വങ്ങള്‍ക്കിടയിലെ രാഷ്ട്രീയ ധാരണകളെ പ്രായോഗിക സഹകരണ പദ്ധതികളായും സ്ഥാപനപരമായ പ്രതിബദ്ധതകളായും മാറ്റുന്നതിനുള്ള സ്ഥിരമായ വേദിയായി സമിതി പ്രവര്‍ത്തിച്ചുവരികയാണെന്നും അംബാസഡര്‍ പറഞ്ഞു.
വിവിധ മേഖലകളിലായി ഇതിനകം 148-ലധികം കരാറുകളിലും ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ വൈവിധ്യവത്ക്കരിക്കുകയും ഇരുരാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥകളിലെ പൂര്‍ണ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സമ്മേളനത്തില്‍ സുപ്രധാനമായ നിരവധി കരാറുകളില്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷ. ഇത് ഉഭയകക്ഷി ബന്ധങ്ങളില്‍ ഗുണപരമായ മുന്നേറ്റത്തിന് വഴിയൊരുക്കുകയും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് പുതിയ ഊര്‍ജം പകരുകയും ചെയ്യും. സഹകരണത്തിന് മുന്‍ഗണന നല്‍കേണ്ട വിവിധ മേഖലകളും സമ്മേളനം ചര്‍ച്ച ചെയ്യുമെന്നും അംബാസഡര്‍ വ്യക്തമാക്കി.
ഖത്തര്‍- തുര്‍ക്കി ബന്ധം അന്താരാഷ്ട്ര പങ്കാളിത്തത്തിന്റെ സവിശേഷ മാതൃകയാണെന്ന് ക്യുഎന്എയുമായുള്ള അഭിമുഖം ഉപസംഹരിച്ചുകൊണ്ട് അല്‍ ഹന്‍സാബ് പറഞ്ഞു. അന്താരാഷ്ട്ര രംഗത്ത് ഇരുരാജ്യങ്ങള്‍ക്കുമുള്ള സ്ഥാനവും സ്വാധീനവും സംബന്ധിച്ച ആഴത്തിലുള്ള ധാരണയില്‍ അധിഷ്ഠിതമായ വ്യക്തമായ തന്ത്രപരമായ തീരുമാനമാണ് ഈ ബന്ധത്തിന് പിന്നിലുള്ളത്.
താത്ക്കാലിക താത്പര്യങ്ങള്ക്കപ്പുറമുള്ളതാണ് ഖത്തറിനെയും തുര്‍ക്കിയെയും ബന്ധിപ്പിക്കുന്ന ഘടകങ്ങള്‍. പരസ്പര ധാരണയിലും കാഴ്ചപ്പാടുകളുടെയും താത്പര്യങ്ങളുടെയും ഏകോപനത്തിലും അധിഷ്ഠിതമായ വിശാലമായ പങ്കാളിത്തത്തിലേക്കാണ് ഈ ബന്ധം മുന്നേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

