നിര്‍മിതബുദ്ധി, നിര്‍ണായക ധാതുക്കള്‍: സഹകരണം ശക്തമാക്കാന്‍ ഖത്തറും അമേരിക്കയും കരാറില്‍ ഒപ്പുവെച്ചു

Web Desk
2 Min Read

വാഷിംഗ്ടണ്‍: നിര്‍മിതബുദ്ധി (എഐ), നിര്‍ണായക ധാതുക്കള്‍, അപൂര്‍വ ഭൗമമൂലകങ്ങള്‍ എന്നീ തന്ത്രപ്രധാന മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനായി ഖത്തറും അമേരിക്കയും കരാറിലും ധാരണാപത്രത്തിലും ഒപ്പുവെച്ചു. വാഷിംഗ്ടണില്‍ നടന്ന എട്ടാമത് ഖത്തര്‍- അമേരിക്ക തന്ത്രപ്രധാന ചര്‍ച്ചയുടെ ഭാഗമായാണ് കരാറുകള്‍ ഒപ്പുവെച്ചത്. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും സംയുക്തമായാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.

city exchange

ഖത്തര്‍ വാണിജ്യ വിദേശവ്യാപാരകാര്യ സഹമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയ്യിദും അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കും ചേര്‍ന്നാണ് നിര്‍മിതബുദ്ധി വികസനവും പ്രയോഗവും ത്വരിതപ്പെടുത്തുന്നതിനുള്ള സഹകരണ കരാറില്‍ ഒപ്പുവെച്ചത്. അമേരിക്കന്‍ വാണിജ്യ വകുപ്പിന്റെ ആസ്ഥാനത്തായിരുന്നു ചടങ്ങ്.

നിര്‍മിതബുദ്ധി, അത്യാധുനിക അര്‍ധചാലക സാങ്കേതികവിദ്യ, ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുകയാണ് കരാറിന്റെ പ്രധാന ലക്ഷ്യം. നൂതന സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം സുഗമമാക്കുക, ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ തമ്മിലുള്ള പരസ്പര നിക്ഷേപവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുക എന്നിവയും കരാറിലൂടെ ലക്ഷ്യമിടുന്നു. ഇതുവഴി നൂതനാശയങ്ങള്‍ക്കും സാമ്പത്തിക- സാങ്കേതിക മത്സരക്ഷമതയ്ക്കും കൂടുതല്‍ കരുത്തുപകരാനാകുമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

ഖനന, സംസ്‌കരണ മേഖലകളില്‍ നിര്‍ണായക ധാതുക്കളുടെയും അപൂര്‍വ ഭൗമമൂലകങ്ങളുടെയും ലഭ്യത ഉറപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിലും ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയ്യിദ് ഒപ്പുവെച്ചു. തന്ത്രപ്രധാന ചര്‍ച്ചയുടെ ഭാഗമായി നടന്ന വ്യാപാര- നിക്ഷേപ സാമ്പത്തിക സെഷനോടനുബന്ധിച്ചായിരുന്നു ധാരണാപത്രം ഒപ്പുവെച്ചത്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ സാമ്പത്തിക വളര്‍ച്ച, ഊര്‍ജം, പരിസ്ഥിതി വിഭാഗം അണ്ടര്‍ സെക്രട്ടറി ജേക്കബ് ഹെല്‍ബെര്‍ഗുമായി ചേര്‍ന്നാണ് അദ്ദേഹം സെഷന് നേതൃത്വം നല്‍കിയത്.

- Advertisement -
Ad image

നിര്‍ണായക ധാതുക്കളുടെയും അപൂര്‍വ ഭൗമമൂലകങ്ങളുടെയും വിതരണ ശൃംഖല സുരക്ഷിതമാക്കുകയും വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യുക, ഖനനം, സംസ്‌കരണം, അനുബന്ധ വ്യവസായങ്ങള്‍ എന്നിവയിലെ സംയുക്ത നിക്ഷേപം വര്‍ധിപ്പിക്കുക എന്നിവയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം. ഇതിലൂടെ സാമ്പത്തിക സുരക്ഷയും വിതരണ ശൃംഖലയുടെ പ്രതിരോധശേഷിയും ശക്തിപ്പെടുത്താനാകുമെന്ന് വിലയിരുത്തപ്പെടുന്നു.

ഇരു കരാറുകളും ഖത്തറും അമേരിക്കയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദവും തന്ത്രപ്രധാന പങ്കാളിത്തവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ്. പ്രത്യേകിച്ച് ‘പാക്‌സ് സിലിക്ക’ സംരംഭത്തിന്റെ പശ്ചാത്തലത്തില്‍ ഈ സഹകരണത്തിന് വലിയ പ്രാധാന്യമുണ്ട്. ഭാവിയെ ലക്ഷ്യമിട്ടുള്ള തന്ത്രപ്രധാന മേഖലകളില്‍ അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധതയും കരാറുകള്‍ വ്യക്തമാക്കുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ, നിക്ഷേപ ബന്ധങ്ങള്‍ക്ക് പുതിയ ഊര്‍ജം പകരുന്നതിനൊപ്പം കൂടുതല്‍ സഹകരണത്തിനും നിക്ഷേപ സാധ്യതകള്‍ക്കും കരാറുകള്‍ വഴിതുറക്കും. പരസ്പര താത്പര്യങ്ങള്‍ സംരക്ഷിക്കുക, സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക, സാങ്കേതിക നവീകരണത്തിനും സുസ്ഥിര വളര്‍ച്ചയ്ക്കും പിന്തുണ നല്‍കുക എന്നിവയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

Share This Article
Leave a Comment
error: Content is protected !!