

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറക്കി. ലോകകപ്പ് ഫുട്ബാളിന് വേണ്ടി ആദ്യമായി സീരിസ് പോസ്റ്ററുകള്‍ പുറത്തിറക്കുന്നെന്ന പ്രത്യേകതയും ഖത്തര്‍ ലോകകപ്പിനുണ്ട്. അതോടൊപ്പം ഇവയെല്ലാം ഡിസൈന്‍ ചെയ്തിരിക്കുന്നത് ഖത്തരി വനിതാ ഡിസൈനര്‍ ബോതയ്ന അല്മുഫ്തയാണ്.

പ്രധാന പോസ്റ്ററില്‍ ഖത്തരി പരമ്പരാഗത തലപ്പാവ് ആഘോഷപൂര്‍വ്വം ആകാശത്തേക്കുയര്ത്തിയെറിയുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. ഖത്തറിലേയും അറബ് ലോകത്തേയും ആദ്യ ലോകകപ്പ് ഫുട്ബാളിനോടുള്ള ആവേശമാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട ഏഴ് മറ്റു പോസ്റ്ററുകളിലും അറബ് ലോകത്തിന് ഫുട്ബാളുമായുള്ള ബന്ധവും താത്പര്യവുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഓര്‍മകളെ തിരികെപ്പിടിക്കുന്ന വിധത്തില്‍ ചിത്രീകരിക്കാനും അതില്‍ നിന്നുള്ള പ്രചോദനവുമാണ് താന്‍ പ്രധാനമായും ശ്രമിച്ചതെന്ന് ബോതയ്ന പറയുന്നു.

മുന്‍കാല അനുഭവങ്ങള്‍, ഓര്‍മകള്‍ തുടങ്ങിയവയെ വര്‍ത്തമാനകാലവുമായി ചേര്‍ത്തുവെക്കുകയും അവയെ പുതിയ കാലത്തിലേക്കെത്തിക്കാനുമാണ് ശ്രമിച്ചതെന്ന് ബോതയ്ന വിശദമാക്കുന്നു. ഈ പ്രമേയത്തിലൂടെ ഖത്തറിന്റെ ഫുട്ബാള്‍ സംസ്ക്കാരത്തിന്റെ കഥ പറയാനാണ് ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു.
ഓരോ പോസ്റ്ററിലും ആഘോഷവും ഖത്തറിന്റെ ഫുട്ബാള്‍ താത്പര്യവും എടുത്തു കാണിക്കാനും ശ്രമം നടത്തിയതായും ഗോളടിക്കുമ്പോള്‍ ഖത്തരി ഫുട്ബാള്‍ ആരാധകര്‍ തങ്ങളുടെ തലപ്പാവെടുത്തുയര്ത്തി എറിഞ്ഞ് ആഘോഷിക്കുന്നതാണ് ആദ്യ പോസ്റ്ററില്‍ വ്യക്തമാക്കിയിരിക്കുന്നതെന്നും ബോതയ്ന വിശദമാക്കി.

