

ബെയ്‌റൂത്ത്: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലെബനാന്‍ സൈന്യത്തിന് 60 മില്യന്‍ യു എസ് ഡോളര്‍ സഹായം നല്‍കുമെന്ന് ഖത്തര്‍ അറിയിച്ചു. ലെബനാന്‍ വിളിച്ചു ചേര്‍ത്ത അറബ് വിദേശകാര്യ മന്ത്രിമാരുടെ കൂടിയാലോചന യോഗത്തില്‍ പങ്കെടുക്കാന്‍ ലെബനാനിലെത്തിയ ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ലെബനാനെ സഹായിക്കാനും സഹോദര ജനതയ്‌ക്കൊപ്പം നില്‍ക്കാനുമുള്ള ഖത്തറിന്റെ പ്രതിജ്ഞാബദ്ധതയും സംയുക്ത അറബ് പ്രവര്‍ത്തനത്തിന്റെ പ്രാധാന്യവും ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് ഖത്തര്‍ പ്രഖ്യാപനം നടത്തിയത്.

ഒരു വര്‍ഷത്തേക്ക് എല്ലാ മാസവും 70 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ലെബനീസ് സൈന്യത്തിന് നല്‍കുമെന്ന് കഴിഞ്ഞ ജൂലൈയില്‍ ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു.

