തകര്‍ന്ന ലുസൈലില്‍ ഫീനിക്‌സായി അര്‍ജന്റീന

Web Desk
1 Min Read

ലുസൈല്‍: സമ്മര്‍ദ്ദത്തിന്റെ ഒരു മണിക്കൂറിനപ്പുറം അര്‍ജന്റീനന്‍ മിശിഹായുടെ ബൂട്ടില്‍ നിന്നും പിറന്ന ഗോള്‍ വഴിയൊരുക്കി. പിന്നാലെ മറ്റൊന്നു കൂടി. സൗദിയോടു തോറ്റതിന് പ്രീക്വാര്‍ട്ടറിലേക്കുള്ള വഴി അടയുമെന്നു തോന്നിയ അര്‍ജന്റീനയ്ക്ക് മെക്‌സിക്കോയ്‌ക്കെതിരെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജയം.

city exchange

64-ാം മിനുട്ടില്‍ ബോക്‌സിന്റെ വലതു ഭാഗത്തു നിന്നും ഡി മരിയ നല്കിയ പാസ് മെക്‌സിക്കന്‍ താരങ്ങളുടെ കാലുകള്‍ക്കിടയിലൂടെ ഗോളി ഗില്ലെര്‍മോ ഒച്ചാവോയ്ക്ക് തൊടാനവസരം കൊടുക്കാതെ വലയിലാക്കിയ മെസ്സിയുടെ ഉശിരന്‍ ഷോട്ടിന് നന്ദി പറയുക. ലോകകപ്പ് മത്സരങ്ങളില്‍ മെസ്സി നേടുന്ന എട്ടാമത് ഗോളായിരുന്നു അത്. 21 ലോകകപ്പ് മത്സരങ്ങളോടെ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന ഡിഗോ മറഡോണയുടെ റെക്കോര്‍ഡിനൊപ്പം മെസ്സിയുമെത്തി.

അര്‍ജന്റീനയെ വരിഞ്ഞു മുറുക്കാന്‍ ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ മെക്‌സിക്കോയ്ക്ക് ആദ്യ പകുതിയും ആദ്യത്തെ ഒരു മണിക്കൂറും അതിന് സാധിച്ചു. ആദ്യ കളിയില്‍ പോളണ്ടിനോട് ഗോള്‍ രഹിത സമനില നേടിയ മെക്‌സിക്കോയ്ക്ക് അര്‍ജന്റീനയെയും ഗോള്‍ രഹിത സമനിലയില്‍ കുരുക്കാനുള്ള പദ്ധതിയാണുണ്ടായിരുന്നത്. പ്രതിരോധത്തിലൂന്നിയ മെക്‌സിക്കന്‍ നീക്കങ്ങളിലെ കെണി മനസ്സിലാക്കിയാണ് അര്‍ജന്റീന ഗോള്‍ നീക്കങ്ങള്‍ ശക്തമാക്കിയത്.

- Advertisement -
Ad image

സൗദി അറേബ്യയോട് തോറ്റ് നാണം കെട്ട അതേ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ തന്നെ അര്‍ജന്റീന ഉയിര്‍ത്തെഴുന്നേറ്റെത്തി. 87-ാം മിനുട്ടില്‍ പകരക്കാരനായെത്തിയ എന്‍സോ ഫെര്‍ണാണ്ടസിന് മെസി നല്‍കിയ പന്ത് ഗോളായി മാറിയതോടെ ജയം ഉറപ്പിക്കാനായി അര്‍ജന്റീനന്‍ ടീമിന്.

അവസാന നിമിഷങ്ങളില്‍ ഗോളിനായി മെക്‌സിക്കോ നടത്തിയ ശ്രമങ്ങള്‍ ജയിക്കാതെ പോയതോടെ പ്രീക്വാര്‍ട്ടറിലേക്കും അതുവഴി കപ്പിനുള്ള സ്വപ്‌നത്തിലേക്കുമുള്ള വഴി അര്‍ജന്റീനയ്ക്കു മുമ്പില്‍ തുറക്കുകയായി.

Share This Article
Leave a Comment
error: Content is protected !!