

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അള്‍ജീരിയയുടെ പ്രസിഡന്റ് അബ്ദുല്‍ മദ്ജിദ് ടെബൗണും അമീരി ദിവാനില്‍ ഔദ്യോഗിക ചര്‍ച്ച നടത്തി.

ഖത്തറും അള്‍ജീരിയയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും സാഹോദര്യബന്ധം വികസിപ്പിക്കുന്നതിനും ചര്‍ച്ചകള്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അള്‍ജീരിയന്‍ പ്രസിഡന്റ് പറഞ്ഞു.

ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളില്‍ പ്രത്യേകിച്ച് സമ്പദ്വ്യവസ്ഥ, വ്യാപാരം, വ്യവസായം, ഊര്‍ജം, സാങ്കേതികവിദ്യ മെച്ചപ്പെടുത്താനും വികസിപ്പിക്കാനുമുള്ള വഴികളും ചര്‍ച്ച ചെയ്തു. പ്രധാന പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ചയില്‍ വിഷയമായി.
സെഷനില്‍ അമീരി ദിവാന് മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി, വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍താനി, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി മുഹമ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദ് അല്‍ മന്നായ്, വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി, നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അള്‍ജീരിയന്‍ വിദേശകാര്യ മന്ത്രി അഹമ്മദ് അത്താഫ്, ധനകാര്യ മന്ത്രി ലാസിസ് ഫായിദ്, ഊര്‍ജ, ഖനന മന്ത്രി മുഹമ്മദ് അര്ക്കബ്, തപാല്‍, ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രി കരീം ബീബി ട്രിക്കി എന്നിവര്‍ പങ്കെടുത്തു.
അള്‍ജീരിയന്‍ പ്രസിഡന്റിന്റേയും പ്രതിനിധി സംഘത്തിന്റേയും ബഹുമാനാര്‍ഥം അമീര്‍ വിരുന്ന് സംഘടിപ്പിച്ചു.

