

ദോഹ: ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര മാധ്യമ സമ്മേളനത്തില്‍ ഡോ. അല്‍ അന്‍സാരി സ്വാഗതം ചെയ്തു. ഭയാനകമായ സംഘര്‍ഷം അവസാനിപ്പിക്കുകയും ചര്‍ച്ചാ പ്രക്രിയയില്‍ സഹായിക്കുകയും ചെയ്യുന്ന യു എന്‍, പ്രാദേശിക, അന്താരാഷ്ട്ര നയതന്ത്ര സംരംഭങ്ങള്‍ ചര്‍ച്ചകളില്‍ നല്ല സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കരാറിലെത്താനുള്ള മികച്ച സമ്മര്‍ദ്ദ പ്രവര്‍ത്തനമാണെന്നും സമാധാനത്തിനുള്ള ഖത്തറി ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പങ്കാളികളുമായുള്ള മധ്യസ്ഥത തുടരുകയാണെന്നും ചര്‍ച്ചകളും മീറ്റിംഗുകളും നിര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിക്ക് മുമ്പാകെയുള്ള കേസും യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം, യു എന്‍ ജി എ പ്രമേയങ്ങള്‍ തുടങ്ങിയവ ഫലസ്തീന് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമാണെന്നും അദ്ദേഹം വിശദമാക്കി. ഖത്തറിന്റെ സ്ഥിരമായ നിലപാടായ നയതന്ത്ര ശ്രമങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും മാത്രമേ സംഘര്‍ഷങ്ങളെ നേരിടാന്‍ കഴിയൂവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഗാസയുമായി ബന്ധപ്പെട്ട് ദോഹയില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ നിന്ന് ഒരു പ്രതിനിധി സംഘം പിന്മാറിയതിനെത്തുടര്ന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് യോഗങ്ങള്‍ സജീവമാണെന്നും തടസ്സപ്പെട്ടിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും സ്ഥിരീകരിച്ചു. ചില കരാറുകളില്‍ എത്തിച്ചേരുന്നതിനായി പ്രതിനിധി സംഘങ്ങള്‍ വരുന്നതും മടങ്ങിപ്പോകുന്നതും സാധാരണമാണെന്നും അത്തരം ചര്‍ച്ചകളിലെ സ്വാഭാവികമായ നീക്കമാണെന്നും ചൂണ്ടിക്കാണിക്കുന്നു.
യു എന്‍ ആര് ഡബ്ല്യു എയ്ക്കുള്ള ഖത്തറി പിന്തുണയെ സംബന്ധിച്ചിടത്തോളം ഗാസയില്‍ മാത്രമല്ല ജോര്‍ദാന്‍, ലെബനന്, വെസ്റ്റ് ബാങ്ക് തുടങ്ങിയ ഇടങ്ങളിലെല്ലാം സമാധാനത്തിന് ശ്രമിക്കുകയാണെന്നും ഡോ. അല്‍ അന്‍സാരി ഊന്നിപ്പറഞ്ഞു. ധനസഹായം തടഞ്ഞുവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്താല്‍ അന്താരാഷ്ട്ര സമൂഹത്തിന് ഒരു ബദല്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധിനിവേശ പ്രദേശങ്ങളില്‍ ഫലസ്തീനികള്‍ക്കായി സേവനങ്ങള്‍ നല്കുന്നതില് ഈ സംഘടനയുടെ പങ്കിലുള്ള വിശ്വാസത്തില്‍ ഖത്തര്‍ അതിന്റെ ധനസഹായം വര്‍ധിപ്പിക്കുകയും യു എന്‍ ആര് ഡബ്ല്യു എയെ പിന്തുണയ്ക്കാന്‍ പ്രതിജ്ഞാബദ്ധമാണ്.

