

ദോഹ: കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കപ്പല്‍ യാത്രാ സര്‍വീസുകള്‍ സ്വപ്നത്തില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്ക്. കേരളത്തിലെ വിഴിഞ്ഞം, ബേപ്പൂര്‍, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് പാസഞ്ചര്‍ ഷിപ്പുകളും ക്രൂസ് ഷിപ്പുകളും സര്‍വീസിന് തുടക്കമിടാന്‍ തയ്യാറെടുക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരളാ മാരിടൈം ബോര്‍ഡ് ആണ് ഈ സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത്. മാരിടൈം ബോര്‍ഡ് പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍ അനുസരിച്ച് ഇതിനകം നാല് കപ്പല്‍ കമ്പനികള്‍ ഈ റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ തയ്യാറായി മന്നോട്ടുവന്നിട്ടുണ്ട്.

കേരളഗള്ഫ് റൂട്ടില്‍ എളുപ്പത്തില്‍ ലഭ്യമാവുന്ന ഹൈബ്രിഡ് മാതൃകയിലുള്ള ചെറുതോ വലുതോ ആയ യാത്രാ കപ്പലുകള്‍ സ്വന്തമായുള്ള കമ്പനികള്‍ അല്ലെങ്കില്‍ അത്തരം സര്‍വീസുകള്‍ നടത്തുന്നതിന് താത്പര്യമുള്ള കമ്പനികള്‍ എന്നിവര്‍ക്ക് ടെന്‍ഡര്‍ പ്രക്രിയയില്‍ പങ്കെടുക്കാമെന്നാണ് ബോര്‍ഡ് അറിയിച്ചിരുന്നത്.
രാജ്യത്തെ മുന്‍നിര കപ്പല്‍ കമ്പനിയായ ജെ എം ബാക്സി, യാത്രാരംഗത്തെ പതിറ്റാണ്ടുകളായുള്ള സാന്നിധ്യമുള്ള സീതാ ട്രാവല്‍സ്, തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഗാംഗ്വേ എന്നീ സ്ഥാപനങ്ങളാണ് കപ്പല്‍ സര്‍വീസ് നടത്താന്‍ താത്പര്യം കാണിച്ച് രംഗത്തെത്തിയത്.
ലഭ്യമായ സൂചനകള്‍ അനുസരിച്ച് വിമാന ടിക്കറ്റ് നിരക്കിലും വളരെ കുറവായിരിക്കും കപ്പലിലെ യാത്രാ നിരക്ക്. ഒരാള്‍ക്ക് ഏകദേശം പതിനായിരം രൂപ വരെ മാത്രമാണ് ടിക്കറ്റിന് നല്‍കേണ്ടത്. മാത്രമല്ല യാത്രക്കാര്‍ക്ക് 200 കിലോഗ്രാം വരെ ലഗേജ് കൊണ്ടുപോകാനുമാവും.
കേന്ദ്ര തുറമുഖഷിപ്പിംഗ് ജലപാത മന്ത്രാലയം, കേരള ഗവണ്മെന്റ് എന്നിവയുടെ അനുമതിയോടെയാണ് താത്പര്യ പത്രങ്ങള്‍ ക്ഷണിച്ചത്. ടെണ്ടറിനോട് പ്രതികരിച്ച കമ്പനികകളുമായി പ്രാഥമിക ചര്‍ച്ചകളും ആരംഭിച്ചു കഴിഞ്ഞു. താത്പര്യപത്രങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഏപ്രില്‍ 22 വരെ സമയമുണ്ട്. അതിനാല്‍ ചര്‍ച്ചകള്‍ അതുവരെയും തുടരും.
ഒരു വശത്തേക്കുള്ള യാത്രയ്ക്ക് ഏകദേശം മൂന്ന് ദിവസമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കപ്പല്‍ മാര്‍ഗമുള്ള യാത്രയ്ക്ക് കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ നാട്ടിലേക്കും തിരിച്ചും തിരക്കുപിടിച്ച് എത്താന്‍ ശ്രമിക്കുന്നവര്‍ക്കും ജോലി സ്ഥലത്തേക്ക് പെട്ടെന്ന് മടങ്ങേണ്ടവര്‍ക്കും കപ്പല്‍ യാത്ര സൗകര്യപ്രദമായിരിക്കില്ല. എന്നാല്‍, ദീര്‍ഘ അവധിയുള്ളവര്, യാത്രയ്ക്കായി കുറച്ച് ദിവസങ്ങള്‍ നീക്കിവയ്ക്കാന്‍ കഴിയുന്നവര്‍, ബാഗേജ് മാത്രം നാട്ടിലേക്കോ തിരിച്ചോ അയക്കേണ്ടവര്‍ തുടങ്ങിയവര്‍ക്ക് ഇത് ഉപയോഗപ്രദമാകും.
ട്രാന്‍സ്ഫര്‍ ഓഫ് റെസിഡന്സില് (ടിആര്‍) നാട്ടിലേക്ക് എന്നെന്നേക്കുമായി മടങ്ങുന്നവര്‍ക്കും, ഗള്‍ഫില്‍ വാങ്ങിക്കൂട്ടിയ വസ്തുക്കള്‍ നാട്ടിലേക്ക് അയക്കുന്നവര്‍ക്കും ഇത് ഏറെ ഉപയോഗപ്രദമാവും. കൂടുതല്‍ ഭാരമുള്ളതും പെട്ടെന്ന് നശിച്ചു പോകാത്തതുമായ ഉത്പന്നങ്ങള്‍ ഗള്‍ഫ് വിപണികളില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന ചെറുകിട കയറ്റുമതിക്കാര്‍ക്കും ഇത് ഒരു സാധ്യതയാണ്.

