

കൊച്ചി: അര്‍ധരാത്രി എയര്‍ ഇന്ത്യ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചതോടെ വഴിയിലായത് ആയിരക്കണക്കിന് ഗള്‍ഫ് യാത്രക്കാര്‍. ജീവനക്കാരുടെ പണിമുടക്കിന് പിറക്കെ കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും നിരവധി എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. ഇതോടെ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തി.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള അബൂദാബി, ഷാര്‍ജ, മസ്ക്കത്ത് വിമാനങ്ങളാണ് ആദ്യം സര്‍വീസ് റദ്ദാക്കിയത്. പിന്നാലെ കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും ഇതേ സംഗതി ആവര്‍ത്തിച്ചു. എയര്‍ ഇന്ത്യയുടെ എല്ലാ സര്‍വീസുകളേയും മിന്നല്‍ പണിമുടക്ക് ബാധിച്ചു.

കണ്ണൂരിലെ മൂന്ന് വിമാനങ്ങള്‍ക്ക് പിന്നാലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ നാല് സര്‍വീസുകളാണ് റദ്ദായത്. പുലര്‍ച്ചെ 2.05ന് പുറപ്പെടേണ്ട ഷാര്‍ജ വിമാനവും രാവിലെ 8.50ന് പുറപ്പെടേണ്ട മസ്കത്ത് വിമാനവും ബഹറൈന്‍, ദമ്മാം വിമാനങ്ങളും റദ്ദായതോടെ യാത്രക്കാര്‍ വഴിയിലായി. യാത്രക്കാര്‍ക്ക് യഥാസമയത്ത് വിവരങ്ങള്‍ നല്‍കാതിരുന്നതും ബദല്‍ മാര്‍ഗ്ഗങ്ങള്‍ അനുവദിക്കാതിരുന്നതും കടുത്ത പ്രതിഷേധമാണ് വിളിച്ചു വരുത്തിയത്.
കൊച്ചിയില്‍ നിന്നും പുറപ്പെടാതിരുന്നതിനാല്‍ എത്തിച്ചേരേണ്ട നാല് സര്‍വീസുകളും നിലവില്‍ റദ്ദായതില്‍ ഉള്‍പ്പെടുന്നുണ്ട്. കൊച്ചിയില്‍ രാവിലെ 11.30ന് എത്തിച്ചേരേണ്ട ഷാര്‍ജ, വൈകിട്ട് 5.45ന് എത്തേണ്ട മസ്കത്ത്, വൈകിട്ട് 6.30ന് എത്തേണ്ട ബഹ്റൈന്‍, വൈകിട്ട് 7.10ന് എത്തേണ്ട ദമ്മാം വിമാന സര്‍വീസുകളാണ് റദ്ദായതില്‍ ഉള്‍പ്പെടുന്നത്.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദമാമിലേക്ക് പോകേണ്ട വിമാനമാണ് റദ്ദായത്. പിന്നീട് യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദുബൈ, മസ്ക്കറ്റ് വിമാനങ്ങള്‍ സര്‍വീസ് നടത്തി. കോഴിക്കോട് രാവിലെ എട്ടു മണി മുതലുള്ള ആറ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിലും ആറ് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നുള്ള മസ്ക്കത്ത്, ഷാര്‍ജ, ദുബായ്, അബുദാബി, കുവൈത്ത്, ജിദ്ദ സര്‍വീസുകളാണ് റദ്ദാക്കിയത്.
വിമാനം റദ്ദാക്കിയതിനെതിരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ച യാത്രക്കാര്‍ക്ക് നാളെ മുതല്‍ വിമാനങ്ങളില്‍ ടിക്കറ്റ് നല്‍കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചതായി യാത്രക്കാര്‍ പറഞ്ഞു. മുന്‍ഗണനാ ക്രമത്തിലായിരിക്കും ടിക്കറ്റ് ലഭിക്കുക.
വിമാനത്താവളങ്ങളില്‍ യാത്രക്കാരെല്ലാം ചെക്ക് ഇന്‍ നടത്താന്‍ എത്തിയതിന് ശേഷമാണ് ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് യാത്ര റദ്ദാക്കിയതെന്നത് പ്രതിഷേധത്തിന്റെ ശക്തി വര്‍ധിപ്പിച്ചു.
അലവന്‍സ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങല്‍ ഉയര്‍ത്തിക്കാട്ടി എയര്‍ ഇന്ത്യ ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുന്നുവെന്നാണ് വിവരം.

