
ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നല്കുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഖത്തറിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും കൃത്യമായി പിന്തുടരണമെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. നിലവിലെ സുരക്ഷാ സാഹചര്യത്തെ പരിഗണിച്ച് ഖത്തറില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരുകയും അത്യാവശ്യ സാഹചര്യങ്ങള്‍ ഒഴികെ പുറത്തേക്ക് പോകാതിരിക്കുകയും ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ടെന്ന് എംബസി അറിയിച്ചു. കൂടാതെ, ജനാലകള്‍ക്കും തുറന്ന സ്ഥലങ്ങള്‍ക്കും സമീപം പോകാതിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഖത്തറിന്റെ വ്യോമപാത അടച്ചതിനാല്‍ വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. യാത്രക്കാര്‍ അവരുടെ ബന്ധപ്പെട്ട എയര്‍ലൈന്‍സുകളുമായി സ്ഥിരമായി ബന്ധപ്പെടണമെന്നും അഭ്യര്‍ഥിച്ചു.

ഖത്തറിലെ ആഭ്യന്തര മന്ത്രാലയം കാലാവധി കഴിഞ്ഞതോ ഉടന്‍ അവസാനിക്കാനിരിക്കുന്നതോ ആയ എല്ലാ തരത്തിലുള്ള പ്രവേശന വിസകളും ഒരു മാസത്തേക്ക് കൂടി നീട്ടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തീരുമാനം ഫെബ്രുവരി 28 മുതല്‍ പ്രാബല്യത്തില്‍ വന്നതും സാഹചര്യങ്ങള്‍ അനുസരിച്ച് ഇത് വീണ്ടും നീട്ടാനിടയുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
അത്യാവശ്യ സാഹചര്യങ്ങളില്‍ ഖത്തറില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള സല്‍വാ കര അതിര്‍ത്തി വഴിയുള്ള യാത്ര ഇപ്പോള്‍ തുറന്നിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി. യു എസ്, യു കെ അല്ലെങ്കില്‍ ഷെന്‍ഗന്‍ വിസ (കുറഞ്ഞത് ഒരിക്കല്‍ ഉപയോഗിച്ചിരിക്കണം) കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് സൗദി അറേബ്യയില്‍ എത്തിച്ചേരുമ്പോള്‍ വിസ ലഭ്യമാകും. മറ്റ് ഇന്ത്യന്‍ പൗരന്മാര് സൗദി അറേബ്യ വഴി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിലവിലുള്ള നടപടിക്രമങ്ങള്‍ അനുസരിച്ച് സൗദി വിസയ്ക്ക് അപേക്ഷിക്കേണ്ടതാണ്.
ഖത്തറില്‍ ട്രാന്‍സിറ്റായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് സൗദി അറേബ്യയിലേക്ക് താത്കാലിക ട്രാന്‍സിറ്റ് വിസ ലഭ്യമാക്കുന്നതിന് എംബസി രജിസ്ട്രേഷന് ലിങ്ക് തുറന്നിട്ടുണ്ട്. ഇതിനായി സൗദി അറേബ്യയില്‍ നിന്ന് പുറപ്പെടുന്നതിനുള്ള സ്ഥിരീകരിച്ച ടിക്കറ്റ് ഉണ്ടായിരിക്കണം. രജിസ്ട്രേഷന് സമയത്ത് ഖത്തറിലേക്കുള്ള പ്രവേശന വിമാന ടിക്കറ്റിന്റെയും സൗദി അറേബ്യയില്‍ നിന്ന് പുറപ്പെടാനുള്ള സ്ഥിരീകരിച്ച ടിക്കറ്റിന്റെയും പകര്‍പ്പുകള്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
സല്‍വാ അതിര്‍ത്തിവരെ യാത്ര ചെയ്യുന്നതിനും അവിടെ നിന്ന് പുറപ്പെടാനുള്ള വിമാനത്താവളത്തിലെത്തുന്നതിനുമുള്ള മറ്റു എല്ലാ യാത്രാ ക്രമീകരണങ്ങളും വ്യക്തികള്‍ തന്നെ ഒരുക്കേണ്ടതാണെന്ന് എംബസി അറിയിച്ചു.
ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിനായി ദോഹയിലെ ഇന്ത്യന്‍ എംബസി എല്ലായ്പ്പോഴും ലഭ്യമാണെന്നും എംബസി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ്ലൈന് നമ്പറുകള്‍ 00974 55647502, 00974 55362508 എന്നിവയാണ്. [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്കും എംബസിയുമായി ബന്ധപ്പെടാവുന്നതാണ്.

