
ദോഹ: അമേരിക്കയും ഇറാനും തമ്മില്‍ സമാധാന കരാറില്‍ ധാരണയായതോടെ മേഖലയില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് വിരാമമാകുകയാണ്. ആഗോള സമ്പദ്വ്യവസ്ഥയെയും മധ്യപൂര്‍വദേശത്തിന്റെ സ്ഥിരതയെയും ബാധിച്ചിരുന്ന യുദ്ധത്തിന് ഇതോടെ അവസാനമാകുമെന്നാണ് പ്രതീക്ഷ.

അമേരിക്കന്‍ ഐക്യനാടുകളും ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കും തമ്മിലുള്ള സമാധാന കരാര്‍ നിലവില്‍ വന്നിരിക്കുകയാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിങ്കളാഴ്ച എക്‌സില്‍ കുറിച്ചു. ലെബനന്‍ ഉള്‍പ്പെടെ എല്ലാ യുദ്ധമേഖലകളിലെയും സൈനിക നടപടികള്‍ ഉടന്‍തന്നെയും സ്ഥിരമായും അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കരാറിന്റെ ഔദ്യോഗിക ഒപ്പുവെപ്പ് ജൂണ്‍ 19ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെ കരാര്‍ സ്ഥിരീകരിച്ചു. ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കുമായുള്ള കരാര്‍ ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു. തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനും ഇറാനെതിരായ അമേരിക്കന്‍ നാവിക ഉപരോധം പിന്‍വലിക്കുന്നതിനും അദ്ദേഹം അനുമതി നല്‍കിയതായി അറിയിച്ചു. എണ്ണ ഒഴുകട്ടെ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
തകര്‍ന്ന ചര്‍ച്ചകള്‍, പരസ്പര സൈനിക ആക്രമണങ്ങള്‍, ഇരു രാജ്യങ്ങളുടെയും കടുത്ത മുന്നറിയിപ്പുകള്‍ എന്നിവയാല്‍ നിറഞ്ഞ മാസങ്ങളായ നയതന്ത്ര ശ്രമങ്ങള്‍ക്കൊടുവിലാണ് ഈ ധാരണയുണ്ടായത്.
ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഖത്തര്‍ പ്രതിനിധിസംഘം തെഹ്‌റാനിലെത്തിയതായി ഇറാനിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ എസ് എന്‍ എയുടെ റിപ്പോര്‍ട്ട് പ്രകാരം, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ താനിയുടെ ഉപദേഷ്ടാവിന്റെ നേതൃത്വത്തിലായിരുന്നു മധ്യസ്ഥസംഘം പ്രവര്‍ത്തിച്ചത്.
ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര പ്രക്രിയയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്തുകയെന്നതായിരുന്നു പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശന ലക്ഷ്യമെന്ന് തസ്‌നീം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതായി അല്‍ ജസീറ വ്യക്തമാക്കി.
കരാറിനെ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ താനി സ്വാഗതം ചെയ്തു. ധാരണയിലെത്താന്‍ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതില്‍ പങ്കുവഹിച്ച പാകിസ്താനും മറ്റ് പ്രാദേശിക, അന്തര്‍ദേശീയ കക്ഷികള്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
സംഭാഷണത്തിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും പ്രാദേശികവും ആഗോളവുമായ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഖത്തര്‍ ഉറച്ച പിന്തുണ തുടര്‍ന്നും നല്‍കുമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
വെടിനിര്‍ത്തല്‍ കരാര്‍ വ്യാപകമായ സ്വഭാവമുള്ളതാണ്. ഇറാനിലെ ആഭ്യന്തര സൈനിക നടപടികള്‍ മാത്രമല്ല, നിലവില്‍ സജീവമായിരിക്കുന്ന എല്ലാ യുദ്ധമേഖലകളിലെയും സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ വാഷിങ്ടണും തെഹ്‌റാനും പ്രതിജ്ഞാബദ്ധമായിട്ടുണ്ട്. ലെബനനും ഇതില്‍ വ്യക്തമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച തന്നെ സമാധാനശ്രമങ്ങളില്‍ നിര്‍ണായക പുരോഗതി ഉണ്ടായതായി പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചിരുന്നു. അന്തിമവും പരസ്പരം അംഗീകരിച്ചതുമായ കരട് രേഖ ഇരു രാജ്യങ്ങളും അംഗീകരിച്ചുവെന്നും സമാധാനം ഇത്രയേറെ അടുത്തെത്തിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
അമേരിക്കയുമായുള്ള കരാര്‍ അന്തിമമായതായി ഇറാന്റെ നിയമ- അന്തര്‍ദേശീയകാര്യ ഉപവിദേശകാര്യ മന്ത്രി കാസിം ഗരീബാബാദിയും സ്ഥിരീകരിച്ചു. സര്‍ക്കാര്‍ ടെലിവിഷനില്‍ നടത്തിയ ഫോണ്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഔദ്യോഗിക ഒപ്പുവെപ്പ് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലെബനന്‍ ഉള്‍പ്പെടെ വിവിധ യുദ്ധമുന്നണികളില്‍ നടക്കുന്ന യുദ്ധത്തിനും സൈനിക നടപടികള്‍ക്കും ഉടനടിയും സ്ഥിരവുമായ വിരാമം പ്രഖ്യാപിക്കുമെന്ന് എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാനെതിരായ അമേരിക്കന്‍ നാവിക ഉപരോധവും ഇന്നുതന്നെ പിന്‍വലിക്കുമെന്നും ഗരീബാബാദി കൂട്ടിച്ചേര്‍ത്തു.

