ഇറാനുമായുള്ള സമാധാന കരാര്‍ തകര്‍ക്കാന്‍ നെതന്യാഹു ശ്രമിച്ചെന്ന് ട്രംപ്

Web Desk
1 Min Read

വാഷിങ്ടണ്‍: അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് വിരാമമിടുന്ന സമാധാന കരാര്‍ തകര്‍ക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശ്രമിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം. മധ്യപൗരസ്ത്യ മേഖലയെ അസ്ഥിരമാക്കുകയും ആഗോള എണ്ണ വിതരണത്തെ ബാധിക്കുകയും ചെയ്ത സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് വാഷിങ്ടണും തെഹ്റാനും ധാരണയിലെത്തിയതിന് പിന്നാലെയാണ് ട്രംപ് ഇസ്രായേലിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

city exchange

ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹുവിനെ ട്രംപ് ‘വളരെ ബുദ്ധിമുട്ടുള്ള വ്യക്തി’ എന്നാണ് വിശേഷിപ്പിച്ചത്. ഇറാനുമായി സമാധാന കരാറിലെത്താന്‍ അമേരിക്ക നടത്തിയ ശ്രമങ്ങള്‍ക്ക് ഇസ്രായേല്‍ നന്ദിയുള്ളവരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാന് ആണവായുധം ഉണ്ടായിരുന്നുവെങ്കില്‍ ഇസ്രായേല്‍ രണ്ട് മണിക്കൂര്‍ പോലും നിലനില്‍ക്കുമായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.

തെഹ്റാനുമായി അന്തിമ ആണവകരാര്‍ യാഥാര്‍ഥ്യമാകുന്നില്ലെങ്കില്‍ ഇറാനെതിരായ ആക്രമണങ്ങള്‍ അമേരിക്ക പുന:രാരംഭിക്കുമെന്നും അത്തരം സാഹചര്യത്തില്‍ അമേരിക്ക ‘മധ്യപൗരസ്ത്യത്തിന്റെ രക്ഷാധികാരി’ ആകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

അതോടൊപ്പം, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ഗതാഗതം പൂര്‍ണമായി പുന:രാരംഭിക്കാന്‍ അനുമതി നല്‍കുന്നതായും അമേരിക്കന്‍ നാവിക ഉപരോധം ഉടന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായും ട്രംപ് അറിയിച്ചു. ‘ലോകത്തെ കപ്പലുകളേ, യാത്ര ആരംഭിക്കൂ. എണ്ണ വീണ്ടും ഒഴുകട്ടെ,’ എന്നാണ് ട്രംപ് പറഞ്ഞത്.

- Advertisement -
Ad image

യുദ്ധത്തിന്റെ അന്ത്യം ഇറാനും പ്രഖ്യാപിച്ചെങ്കിലും തങ്ങളാണ് വിജയം നേടിയതെന്നും അവര്‍ അവകാശപ്പെട്ടു. ദുഷ്ടലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ ആക്രമണം നടത്തിയ ശത്രുവിന് എല്ലാ ലക്ഷ്യങ്ങളിലും പരാജയം നേരിടേണ്ടിവന്നുവെന്നും ഇറാന്‍ ഈ യുദ്ധത്തില്‍ വലിയ വിജയങ്ങള്‍ കൈവരിച്ചുവെന്നും ഇറാന്‍ ഉപ വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി പ്രസ്താവനയില്‍ പറഞ്ഞു.

സ്വിറ്റ്സര്‍ലന്‍ഡില്‍ ജൂണ്‍ 19-ന് നടക്കുന്ന ഔദ്യോഗിക ഒപ്പുവെപ്പിന് മുന്നോടിയായി അമേരിക്കന്‍- ഇറാന്‍ പ്രതിനിധികള്‍ ഈ ആഴ്ച ദോഹയില്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് ഒരു നയതന്ത്ര പ്രതിനിധിയെ ഉദ്ധരിച്ച് എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!