
ലണ്ടന്‍/ അബുദാബി: ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് ദി വോള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ലീഡര്‍ഷിപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സി ഇ ഒ കൗണ്‍സിലിലേക്ക് നിയമിതനായി.

ജൂണ്‍ 9, 10 തിയ്യതികളില്‍ ലണ്ടനില്‍ നടന്ന സി ഇ ഒ കൗണ്‍സില്‍ സമ്മിറ്റിലാണ് ഈ നിയമനം പ്രഖ്യാപിച്ചത്. ആഗോള സാമ്പത്തിക സാഹചര്യം, നേതൃത്വം, നവീകരണം, സാങ്കേതികവിദ്യ, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിവിധ മേഖലകളില്‍ നിന്നുള്ള മുതിര്‍ന്ന വ്യവസായ നേതാക്കളെയും എക്‌സിക്യൂട്ടീവുകളെയും ഒരുമിച്ച് കൊണ്ടുവന്നതായിരുന്നു ഈ സമ്മേളനം.

സി ഇ ഒ കൗണ്‍സിലിലെ അംഗമെന്ന നിലയില്‍ ബിസിനസ് ലോകത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കാളികളാകുന്ന ആഗോള ചീഫ് എക്‌സിക്യൂട്ടീവുമാരുടെയും ബിസിനസ് നേതാക്കളുടെയും ശൃംഖലയുടെ ഭാഗമാകും അദീബ്. വിവിധ സമ്മിറ്റുകള്‍, ഫോറങ്ങള്‍, നേതൃത്വ സംവാദങ്ങള്‍ എന്നിവയിലൂടെ അംഗങ്ങള്‍ സാമ്പത്തിക വളര്‍ച്ച, സാങ്കേതിക പരിവര്‍ത്തനം, കോര്‍പ്പറേറ്റ് നേതൃത്വം തുടങ്ങിയ വിഷയങ്ങളില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കും.
നിയമനത്തെക്കുറിച്ച് പ്രതികരിച്ച അദീബ് അഹമ്മദ് പറഞ്ഞു: ”വോള്‍ സ്ട്രീറ്റ് ജേര്‍ണല്‍ സി ഇ ഒ കൗണ്‍സിലിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ആഗോള സമ്പദ്വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിസിനസ് നേതാക്കളുമായി ആശയങ്ങള്‍ പങ്കുവെക്കാനും ചര്‍ച്ചകളില്‍ പങ്കെടുക്കാനും ലഭിക്കുന്ന അവസരം ഏറെ വിലപ്പെട്ടതാണ്. ഞങ്ങള്‍ സേവനം നല്‍കുന്ന വിപണികളിലെയും സമൂഹങ്ങളിലെയും അനുഭവങ്ങളും കാഴ്ചപ്പാടുകളും ഈ വേദിയില്‍ പങ്കുവെക്കുന്നതായിരിക്കും.”
ഗള്‍ഫ് മേഖല, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ഏഷ്യ- പസഫിക് മേഖല എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ധനകാര്യ സേവന ഗ്രൂപ്പുകളിലൊന്നായ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്ടറാണ് അദീബ് അഹമ്മദ്. നിലവില്‍ ഫിക്കി അറബ് കൗണ്‍സിലിന്റെ ചെയര്‍മാനായ അദ്ദേഹം ബിസിനസ്, സാങ്കേതികവിദ്യ, സാമ്പത്തിക സഹകരണം എന്നിവയുമായി ബന്ധപ്പെട്ട നിരവധി അന്തര്‍ദേശീയ വേദികളില്‍ ഇന്ത്യയുടെയും ഗള്‍ഫ് മേഖലയുടെയും കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാറുണ്ട്.

