ഖത്തറിന്റെ പങ്കാളിത്തത്തോടെ അറബ് ലീഗ് യോഗം; സംയുക്ത അറബ് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പുതിയ കാഴ്ചപ്പാട് അവതരിപ്പിച്ച് സെക്രട്ടറി ജനറല്‍

Web Desk
1 Min Read

കെയ്‌റോ: അറബ് ലീഗിന്റെ പ്രവര്‍ത്തനക്ഷമതയും സംയുക്ത അറബ് സഹകരണ സംവിധാനവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ കാഴ്ചപ്പാടും മുന്‍ഗണനകളും നബീല്‍ ഫഹ്മി അവതരിപ്പിച്ചു. കെയ്‌റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് ചേര്‍ന്ന സ്ഥിരം പ്രതിനിധികളുടെ യോഗത്തിലാണ് സെക്രട്ടറി ജനറല്‍ പ്രവര്‍ത്തനരേഖ വിശദീകരിച്ചത്.

city exchange

യോഗത്തില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് ശൈഖ് ജാസിം ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍താനി പങ്കെടുത്തു. അദ്ദേഹം ഈജിപ്തിലെ ഖത്തര്‍ അംബാസഡറും അറബ് ലീഗിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധിയുമാണ്.

അറബ് ലീഗിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ആഗോളതലത്തില്‍ അതിന്റെ തന്ത്രപ്രധാന പങ്ക് വിപുലീകരിക്കുകയും ചെയ്യുക എന്നത് അംഗരാജ്യങ്ങളും ജനറല്‍ സെക്രട്ടേറിയറ്റും തമ്മിലുള്ള സമ്പൂര്‍ണ പങ്കാളിത്തത്തിലൂടെ മാത്രമേ സാധ്യമാകൂവെന്ന് നബീല്‍ ഫഹ്മി പറഞ്ഞു.

പ്രായോഗിക സമീപനത്തിലൂന്നിയ പ്രവര്‍ത്തനമാണ് ആവശ്യമെന്നും വ്യക്തമായ മുന്‍ഗണനകള്‍ നിശ്ചയിച്ച് നടപ്പാക്കാന്‍ കഴിയുന്ന നടപടികള്‍ സ്വീകരിക്കുകയും അവയുടെ പുരോഗതി തുടര്‍ച്ചയായി വിലയിരുത്തുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

സെക്രട്ടറി ജനറല്‍ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്തതിനെ തുടര്‍ന്ന് അറബ് വിദേശകാര്യ മന്ത്രിമാര്‍ക്ക് അയച്ച കത്തിലെ പ്രധാന കാര്യങ്ങളും അദ്ദേഹം സ്ഥിരം പ്രതിനിധികളെ അറിയിച്ചു. വരുംകാല പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനകളും അറബ് ലീഗിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും അദ്ദേഹം വിശദീകരിച്ചു.

ജനറല്‍ സെക്രട്ടേറിയറ്റിന്റെ സ്ഥാപനപരമായ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഭാവിയിലെ വെല്ലുവിളികള്‍ നേരിടാനുള്ള ശേഷി വര്‍ധിപ്പിക്കുന്നതിനുമായി വിവിധ പരിഷ്‌കാര നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.

അംഗരാജ്യങ്ങളുടെ തുടര്‍ച്ചയായ പിന്തുണയും അറബ് ലീഗിനോടുള്ള ബാധ്യതകള്‍ സമയബന്ധിതമായി നിറവേറ്റുന്നതും ഈ ശ്രമങ്ങളുടെ വിജയത്തിന് നിര്‍ണായകമാണെന്നും ഫഹ്മി വ്യക്തമാക്കി.

യോഗത്തില്‍ പങ്കെടുത്ത സ്ഥിരം പ്രതിനിധികള്‍ സെക്രട്ടറി ജനറലിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും അദ്ദേഹം അവതരിപ്പിച്ച പ്രവര്‍ത്തനരേഖയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അംഗരാജ്യങ്ങളുടെയും അവരുടെ ജനങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി അറബ് ലീഗ് ജനറല്‍ സെക്രട്ടേറിയറ്റുമായി കൂടുതല്‍ അടുത്ത് സഹകരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!