
ദോഹ/ കുവൈത്ത് സിറ്റി/ മനാമ/ അബുദാബി: ഖത്തറിന്റെ പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ നിര്യാണത്തെ തുടര്‍ന്ന് കുവൈത്ത്, ബഹ്‌റൈന്‍, യു എ ഇ എന്നിവിടങ്ങളില്‍ നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യങ്ങളിലുടനീളവും വിദേശത്തെ നയതന്ത്ര കാര്യാലയങ്ങളിലുമുള്ള ദേശീയ പതാകകള്‍ പകുതിത്താഴ്ത്തിക്കെട്ടാനും നിര്‍ദേശം നല്‍കി.

കുവൈത്ത് അമീരി ദിവാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഖത്തര്‍ പിതൃ അമീറിന്റെ നിര്യാണത്തെ തുടര്‍ന്ന് നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കാനും ഈ കാലയളവില്‍ ദേശീയ പതാകകള്‍ പകുതിക്കൊടിമരത്തില്‍ ഉയര്‍ത്താനും കുവൈത്ത് അമീറായ ശൈഖ് മിഷാല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉത്തരവിട്ടതായി അറിയിച്ചു.

പരേതനായ പിതൃ അമീറിന് അല്ലാഹു കാരുണ്യവും പാപമോചനവും നല്‍കി സ്വര്‍ഗം നല്‍കട്ടെയെന്നും രാജ്യത്തിനായി അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കട്ടെയെന്നും കുവൈത്ത് അമീരി ദിവാന്‍ പ്രാര്‍ഥിച്ചു.
ബഹ്‌റൈന്‍ രാജകീയ കോടതിയും നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണ കാലയളവില്‍ ദേശീയ പതാകകള്‍ പകുതിക്കൊടിമരത്തില്‍ ഉയര്‍ത്താന്‍ ബഹ്‌റൈന്‍ രാജാവായ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിര്‍ദേശം നല്‍കിയതായി രാജകീയ കോടതി പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, യു എ ഇ പ്രസിഡന്‍ഷ്യല്‍ കോടതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍, ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ നാല് ദിവസത്തെ ഔദ്യോഗിക ദുഃഖം ആചരിക്കുമെന്നും രാജ്യത്തുടനീളവും വിദേശത്തുള്ള എല്ലാ എംബസികളിലും നയതന്ത്ര ദൗത്യങ്ങളിലും ദേശീയ പതാകകള്‍ പകുതിക്കൊടിമരത്തില്‍ ഉയര്‍ത്തുമെന്നും അറിയിച്ചു.
പരേതനായ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിക്ക് സര്‍വശക്തനായ ദൈവം കാരുണ്യം ചൊരിയുകയും സ്വര്‍ഗം നല്‍കുകയും ചെയ്യട്ടെയെന്നും യു എ ഇ പ്രസിഡന്‍ഷ്യല്‍ കോടതി പ്രാര്‍ഥിച്ചു.

