
ദോഹ: ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യവും വിവിധ സാമൂഹിക സംഘടനകളുടെ കൂട്ടായ പ്രവര്‍ത്തനവും ഇന്ത്യ- ഖത്തര്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ നിര്‍ണായക പങ്കുവഹിച്ചതായി ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പറഞ്ഞു.

വിവിധ ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന മാതൃക ഖത്തറിന്റെ പ്രത്യേകതയാണെന്നും ഇന്ത്യന്‍ സമൂഹത്തിന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും ബിസിനസ്, കായികം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ പരസ്പരം സഹകരിക്കാനും ഈ കൂട്ടായ്മ വലിയ അവസരം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ എല്ലാ ആവശ്യങ്ങള്‍ക്കും നേരിട്ട് ഇടപെടാന്‍ അംബാസഡര്‍ക്ക് എല്ലായ്പ്പോഴും കഴിയണമെന്നില്ല. അത്തരം സാഹചര്യങ്ങളില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകള്‍ എംബസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് സമൂഹത്തിന് വലിയ പിന്തുണയാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഖത്തറിലെ ഇന്ത്യന്‍ സമൂഹം വലിയ തോതില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടികള്‍ ഏറെ ശ്രദ്ധേയമായിരുന്നുവെന്നും അതിന്റെ മുഴുവന്‍ അംഗീകാരവും കമ്മ്യൂണിറ്റിയാണ് അര്‍ഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം, ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ തുടങ്ങി വിവിധ സംഘടനകള്‍ സാമൂഹിക സേവനരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള സഹായം, രക്തദാന ക്യാമ്പുകള്‍, ആരോഗ്യ ക്യാമ്പുകള്‍, എംബസിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച കോണ്‍സുലര്‍ ക്യാമ്പുകള്‍, ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് നല്‍കിയ പിന്തുണ, വിവിധ ബോധവത്കരണ പരിപാടികള്‍ എന്നിവയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യ- ഖത്തര്‍ ഉഭയകക്ഷി ബന്ധത്തില്‍ വ്യാപാരവും നിക്ഷേപവും സുപ്രധാന മേഖലയാണെന്നും ഈ രംഗത്ത് ഐ ബി പി സി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമൂഹത്തിനുള്ളില്‍ തന്നെ ആവശ്യമായ അനുഭവസമ്പത്തും മാര്‍ഗനിര്‍ദേശവും ലഭ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖത്തറിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ സമൂഹവും തമ്മിലുള്ള അടുത്ത സഹകരണം മറ്റ് രാജ്യങ്ങളില്‍ അപൂര്‍വമായി മാത്രം കാണുന്ന മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പല പരിപാടികളും എംബസിയുടെ സ്വന്തം പരിപാടികളെന്ന നിലയില്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നുവെന്നും അതേസമയം കമ്മ്യൂണിറ്റി സംഘടനകളുടെ ശക്തമായ പിന്തുണയാണ് എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിജയത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും പരമാവധി പരിപാടികളില്‍ പങ്കെടുക്കാനും താന്‍ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സ്‌കൂളുകളുടെ വാര്‍ഷികാഘോഷങ്ങള്‍, ഓണം ഉള്‍പ്പെടെയുള്ള വിവിധ ആഘോഷങ്ങള്‍, കായിക- സാംസ്‌കാരിക പരിപാടികള്‍ എന്നിവയില്‍ പങ്കെടുത്ത അനുഭവങ്ങള്‍ ജീവിതത്തിലെ മറക്കാനാവാത്ത ഓര്‍മ്മകളാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സമൂഹവുമായി ഔദ്യോഗിക ബന്ധത്തിനപ്പുറം ആത്മബന്ധം വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും വിദേശത്തുള്ള ഇന്ത്യക്കാരുമായി ശക്തമായ ബന്ധം നിലനില്‍ക്കുമ്പോഴാണ് ഇന്ത്യ -ഖത്തര്‍ ബന്ധം കൂടുതല്‍ ശക്തമാകുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താന്‍ ഇനി റിയാദിലേക്ക് പോകുകയാണെങ്കിലും ഖത്തറിലെ ഇന്ത്യന്‍ സമൂഹവുമായി ബന്ധം തുടരുമെന്നും അവസരം ലഭിക്കുമ്പോള്‍ റിയാദില്‍ എത്തി കാണാനും സംവദിക്കാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

