

ന്യൂഡല്‍ഹി: വിദേശത്തു നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ റജിസ്റ്റര്‍ ചെയ്യേണ്ടുന്ന എയര്‍ സുവിധ സമ്പ്രദായം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. കോവിഡിനെ തുടര്‍ന്നാണ് എയര്‍ സുവിധ പോര്‍ട്ടല്‍ നടപ്പാക്കിയിരുന്നത്.

കോവിഡ് വാക്‌സിനേഷനുള്ള സെല്‍ഫ് ഡിക്ലറേഷന്‍ ഫോറമാണ് വിദേശത്തു നിന്നുള്ളവര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നത്. എയര്‍ സുവിധ പോര്‍ട്ടല്‍ റജിസ്‌ട്രേഷന്‍ ഒഴിവാക്കണമെന്ന് ഗള്‍ഫിലെ നിരവധി സംഘടനകള്‍ ആവശ്യം ഉന്നയിച്ചിരുന്നു.

കോവിഡ് കേസുകളില്‍ കുറവുണ്ടായതും വാക്‌സിനേഷന്‍ വ്യാപകമായതുമാണ് അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ കാരണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട് ആവശ്യം വരുന്ന മുറയില്‍ ഇക്കാര്യങ്ങള്‍ പുനഃപരിശോധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
കുത്തിവെച്ച വാക്‌സിന്‍ ഡോസുകള്‍, അവയുടെ തിയ്യതി തുടങ്ങിയ വിവരങ്ങളാണ് എയര്‍ സുവിധ പോര്‍ട്ടലില്‍ രേഖപ്പെടുത്തേണ്ടിയിരുന്നത്. അടുത്ത തീരുമാനം വരുന്നതുവരെയാണ് പുതിയ ഉത്തരവിന്റെ പ്രാബല്യം. ഉത്തരവ് നവംബര്‍ 22ന് ഉച്ചക്ക് ഒരു മണി മുതലാണ് പ്രാബല്യത്തിലാവുക.
കോവിഡിനെതിരെയുള്ള വാക്‌സിന്‍ എല്ലാ യാത്രക്കാരും സ്വീകരിക്കുന്നത് നല്ലതാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആര്‍ക്കെങ്കിലും കോവിഡ് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള ഐസൊലേഷന്‍ സ്വീകരിക്കണം. മാസ്‌ക് ധരിക്കുക, മറ്റു യാത്രക്കാരില്‍ നിന്നും മാറുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം. മറ്റു യാത്രക്കാര്‍ക്ക് മാസ്‌കും അകലം പാലിക്കലും നിര്‍ബന്ധമല്ല.

