
ടുളൂസ്: യൂറോപ്യന്‍ വിമാന നിര്‍മ്മാണ സ്ഥാപനമായ എയര്‍ബസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആറായിരത്തിലധികം വിമാനങ്ങള്‍ തിരിച്ചു വിളിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാന തിരിച്ചു വിളിക്കലായി വിലയിരുത്തുന്ന ഈ നടപടിയില്‍ ലോകത്തില്‍ പകുതിയിലധികം വിമാന സര്‍വീസുകളെ ഈ അടിയന്തിര തിരിച്ചു വിളിക്കല്‍ ബാധിക്കും.

തീവ്രമായ സൂര്യ വികിരണം എയര്‍ബസ് എ320 വിമാനങ്ങളുടെ പ്രധാന ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റങ്ങളെ ബാധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചുവിളിക്കല്‍. ഇതോടെ യു എസ് താങ്ക്സ്ഗിവിംഗ് അവധി കാലയളവില്‍ ലോകമെമ്പാടുമായി യാത്രകള്‍ റദ്ദാക്കലുകളും വൈകലുകളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കുകയും ചെയ്തു.

ഒക്ടോബര്‍ 30ന് ജെറ്റ് ബ്ലു വിമാനത്തിന് ഉണ്ടായ ഗുരുതരമായ സാങ്കേതിക തകരാറിനുശേഷമാണ് ഈ തീരുമാനം വന്നത്. കാന്‍കൂണില്‍ നിന്ന് ന്യൂവര്‍ക്കിലേക്ക് സര്‍വീസ് നടത്തവെ വിമാനം പെട്ടെന്നു താഴ്ന്നതിനെ തുടര്‍ന്ന് കുറഞ്ഞത് 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ ഫ്‌ളോറിഡയിലെ ടാമ്പയില്‍ അടിയന്തര ലാന്റിംഗ് നടത്തുകയായിരുന്നു.
ഇപ്പോഴത്തെ തകരാര്‍ തകരാര്‍ എ320 മോഡലിനെയും പ്രസ്തുത കുടുംബത്തിലെ എ318, എ319, എ321 മോഡലുകളെയും ബാധിക്കുന്നതായി എയര്‍ ബസ് അറിയിച്ചു. മിക്കവാറും വിമാനങ്ങളിലെ പ്രശ്‌നം സോഫ്‌റ്റ്വെയര്‍ അപ്ഡേറ്റിലൂടെ പരിഹരിക്കാമെങ്കിലും ചില പഴയ മോഡലുകള്‍ക്ക് ഹാര്‍ഡ്വെയര്‍ മാറ്റങ്ങളും ആവശ്യമായേക്കും.
എയര്‍ബസ് ക്ഷമാപണം അറിയിക്കുകയും, യാത്രക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കും പ്രവര്‍ത്തനങ്ങളിലും തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് അംഗീകരിക്കുകയും ചെയ്തു.
തങ്ങള്‍ക്ക് എയര്‍ബസ് എ320ന്റെ മൂന്ന് വിമാനങ്ങള്‍ മാത്രമായതിനാല്‍ തങ്ങളുടെ സര്‍വീസിനെ ബാധിക്കില്ലെന്ന് ബ്രിട്ടീഷ് എയര്‍വെയ്‌സ് അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ എ320 ഓപ്പറേറ്ററായ അമേരിക്കന്‍ എയര്‍ലൈന്‍സ് തങ്ങളുടെ മിക്ക വിമാനങ്ങളുടേയും പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുമെന്ന് അറിയിച്ചു.
തങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നും അധികം വിമാന സര്‍വീസുകളെ ഈ നിര്‍ദ്ദേശം ബാധിക്കില്ലെന്നും ഡെല്‍റ്റ് എയര്‍ലൈന്‍സും വാരാന്ത്യത്തില്‍ ചെറിയ തോതില്‍ റദ്ദാക്കലുകളും വൈകലുകളും ഉണ്ടായേക്കാമെന്ന് ലുഫ്താന്‍സയും മുന്നറിയിപ്പ് നല്‍കി.
ആവശ്യമായ പരിപാലന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് അറിയിച്ച വിസ് എയര്‍ തങ്ങളുടെ ചില സര്‍വീസുകളെ ബാധിക്കുമെന്ന് അറിയിച്ചു. സുരക്ഷാ നിര്‍ദ്ദേശം പാലിക്കുന്നതായും സര്‍വീസുകള്‍ സാധാരണ രീതിയില്‍ നടത്താനുണ്ടെങ്കിലും യാത്രക്കാര്‍ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഈസിജെറ്റ് അറിയിച്ചു.
ഏതാനും വിമാനങ്ങളെ മാത്രമേ ബാധിക്കുകയുള്ളുവെന്നും അനുസൃത നടപടികള്‍ സ്വീകരിച്ചുവരുന്നതായി എയര്‍ ലിംഗ്‌സും ഏതാനും വിമാനങ്ങളെ ബാധിക്കുമെന്നും ആവശ്യമായ പരിഹാരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം എല്ലാ സര്‍വീസുകളും തടസ്സമില്ലാതെ തുടരുമെന്നും ടര്‍ക്കിഷ് എയര്‍ലൈന്‍സും അറിയിച്ചു.
അടുത്ത 10 ദിവസത്തേക്ക് ‘ഗുരുതരമായ” പ്രവര്‍ത്തന തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഡിസംബര്‍ 8 വരെ ടിക്കറ്റ് വില്‍പ്പന താത്ക്കാലികമായി നിര്‍ത്തിയതായും 70 ശതമാനത്തിലധികം വിമാനങ്ങളെ തിരിച്ചു വിളിക്കല്‍ ബാധിക്കുമെന്നും അവിയാന്‍ക അറിയിച്ചു.
ചില വിമാനങ്ങളില്‍ സോഫ്‌റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ അപ്ഡേറ്റുകള്‍ നടക്കുന്നതിനാല്‍ ടേണ്‍അറൗണ്ട് സമയവും പ്രവര്‍ത്തന വൈകലും വര്‍ധിക്കാമെന്ന് എയര്‍ ഇന്ത്യയും ചില സര്‍വീസുകളില്‍ ഷെഡ്യൂള്‍ മാറ്റങ്ങള്‍ വരാവുന്നതായി ഇന്‍ഡിഗോയും അറിയിച്ചു.
നിരവധി സര്‍വീസുകള്‍ തടസ്സപ്പെടുകയും റദ്ദാക്കപ്പെടുകയും ചെയ്യുമെന്ന് എയര്‍ ന്യൂസിലാന്റ് മുന്നറിയിപ്പ് നല്‍കി. ചില ഷെഡ്യൂള്‍ വൈകലുകള്‍ ഉണ്ടായേക്കാമെന്ന് ഫ്‌ളൈനാസും പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സും തിരിച്ചു വിളിക്കല്‍ തങ്ങളുടെ എ 320 വിമാനങ്ങളെ ബാധിക്കില്ലെന്ന് അസുല്‍ എയര്‍ലൈന്‍സും അറിയിച്ചു.

