

ദോഹ: ഒന്‍പതാമത് അജ്യാല്‍ ഫിലിം ഫെസ്റ്റിവലിന് ഞായറാഴ്ച തുടക്കം. ചലച്ചിത്ര അനുഭവങ്ങളോടൊപ്പം നിരവധി മറ്റു പ്രകടനങ്ങളുമായി കോവിഡാനന്തര ലോകത്തേക്കുള്ള സ്വാഗതമായിരിക്കും അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവല്‍.

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സാംസ്‌ക്കാരിക പരിപാടികളില്‍ വ്യത്യസ്ത പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകോത്തര ചലച്ചിത്ര പ്രതിഭകളുമായി സംവദിക്കാനുള്ള അവസരങ്ങള്‍, ഖത്തറില്‍ നിര്‍മിച്ച സിനിമകള്‍, ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള ചലച്ചിത്രങ്ങള്‍ തുടങ്ങി വലിയ വാതായനമാണ് അജ്യാല്‍ ഫിലിം ഫെസ്റ്റിവല്‍ തുറന്നിടുന്നത്.


പ്രസ് പ്ലേ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. അധികൃതര്‍ നിര്‍ദ്ദേശിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷ നിമിഷങ്ങളുണ്ടാക്കുകയാണ് ലക്ഷ്യം. പുതിയ സാധാരണ അവസ്ഥയിലേക്ക് ലോകം പതിയെ മടങ്ങിയെത്തുമ്പോള്‍ ഖത്തറിലും ഏതാനും സ്ഥലങ്ങളില്‍ പുതിയ തുടക്കത്തിന് ആരംഭം കുറിക്കുകയാണെന്ന് ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും ഫെസ്റ്റിവല്‍ ഡയറക്ടറുമായ ഫാത്തിമ അല്‍ റുമൈഹി പറഞ്ഞു.

കതാറയ്ക്ക് പുറമേ ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെ വോക്‌സ് സിനിമാസിലും അജ്യാല്‍ അരങ്ങേറും. 44 രാജ്യങ്ങളില്‍ നിന്നായി 31 ഫീച്ചര്‍ ഫിലിമുകളും 54 ഹൃസ്വചിത്രങ്ങളും ഉള്‍പ്പെടെ 85 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അറബ് ലോകത്തുനിന്നുള്ള 22 ചിത്രങ്ങളുണ്ട്. പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രങ്ങളില്‍ 32 എണ്ണം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വനിതകളാണ്.
രണ്ടു തവണ ഓസ്‌കാര്‍ പുരസ്‌ക്കാരം സ്വന്തമാക്കിയ ഇറാനിയന്‍ ചലച്ചിത്ര പ്രതിഭ അസ്ഗര്‍ ഫര്‍ഹാദിയുടെ എ ഹീറോയാണ് അജ്യാലിന്റെ ഉദ്ഘാടന ചിത്രം.


