

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ഫൈനല്‍ മത്സരം അരങ്ങേറുന്ന ലുസൈല്‍ സ്റ്റേഡിയം ആദ്യ മത്സരത്തിന് തയ്യാറെടുക്കുന്നു. ആഗസ്ത് 11ന് അല്‍ അറബിയും അല്‍ റയ്യാനും തമ്മിലുള്ള മത്സരമാണ് ലുസൈല്‍ സ്റ്റേഡിയത്തില്‍ ആദ്യമായി നടക്കുന്നത്. ക്യു എന്‍ ബി സ്റ്റാര്‍സ് ലീഗ് മത്സരമാണിത്.

ഖത്തര്‍ സ്റ്റാര്‍സ് ലീഗ് 2022- 23 സീസണില്‍ മാറ്റം വരുത്തി പുതിയ ഷെഡ്യൂള്‍ പ്രകാരമാണ് ആഗസ്ത് 11ന് വ്യാഴാഴ്ച രാത്രി 7.40ന് ലുസൈലില്‍ അല്‍ അറബിയും അല്‍ റയ്യാനും തമ്മിലുള്ള മത്സരം അരങ്ങേറുന്നത്. ലുസൈലിനെ കൂടാതെ ഖലീഫ ഇന്റര്‍നാഷണല്‍, എജ്യുക്കേഷന്‍ സിറ്റി, അല്‍ തുമാമ, അല്‍ ജനൂബ്, അഹമ്മദ് ബിന്‍ അലി എന്നിവ ഉള്‍പ്പെടെയുള്ള ലോകകപ്പ് സ്റ്റേഡിയങ്ങളിലും ക്യു എന്‍ ബി സ്റ്റാര്‍സ് ലീഗ് മത്സരങ്ങള്‍ അരങ്ങേറുന്നുണ്ട്.

ലുസൈല്‍ സ്റ്റേഡിയത്തില്‍ എണ്‍പതിനായിരം പേര്‍ക്കാണ് കളി ആസ്വദിക്കാനാവുക. ഖത്തര്‍ ലോകകപ്പിലെ ഫൈനല്‍ ഉള്‍പ്പെടെ പത്ത് മത്സരങ്ങള്‍ക്കാണ് ലുസൈല്‍ സ്റ്റേഡിയം ആതിഥേയത്വം വഹിക്കുന്നത്.

