

അങ്കാറ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളില്‍ അവ ശക്തിപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്തു.

അങ്കാറയിലെ പ്രസിഡന്‍ഷ്യല്‍ കോംപ്ലക്സിലാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തിയത്.

യോഗത്തില്‍ പ്രാദേശികവും ആഗോളവുമായ ഘട്ടങ്ങളിലെ വിവിധ പ്രശ്നങ്ങളും സംഭവവികാസങ്ങളും പ്രത്യേകിച്ച് ഗാസ മുനമ്പിലെയും അധിനിവേശ ഫലസ്തീന് പ്രദേശങ്ങളിലെയും സാഹചര്യങ്ങളെയും സിറിയയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അവര്‍ പങ്കിട്ടു.
യോഗത്തില്‍ അമീരി ദിവാന് മേധാവി അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫി, വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഖുലൈഫി, ഉന്നത ഉദ്യോഗസ്ഥര്‍, പ്രതിനിധി സംഘാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
തുര്‍ക്കിയുടെ ഭാഗത്ത് നിന്ന്, വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാനും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

