

ദോഹ: ലോക ഫുട്ബാള്‍ കിരീടം അര്‍ജന്റീനയ്ക്ക്. ഫുട്ബാള്‍ മഹാമേളയുടെ എല്ലാ ഉദ്വേഗങ്ങള്‍ക്കുമൊടുവിലാണ് മെസ്സിയും കൂട്ടരും കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് തുല്യതയില്‍ പിരിഞ്ഞ ടീമുകള്‍ അധിക സമയത്തും തുല്യമായതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ജയം നേടിയത്.


മത്സരത്തിന്റെ തുടക്കത്തില്‍ അര്‍ജന്റീന മികച്ച മുന്നേറ്റമാണ് നടത്തിയതെങ്കിലും തുടര്‍ച്ചയായി രണ്ടു ഗോളുകള്‍ നേടി ഫ്രാന്‍സ് തുല്യതയിലെത്തിയതോടെ കളി കൈവിട്ടു പോകുന്ന അവസ്ഥയിലെത്തിയിരുന്നു.


കളിയുടെ 23-ാം മിനുട്ടില്‍ തന്നെ പെനാല്‍റ്റിയിലൂടെ മെസ്സി നേടിയ ഗോളില്‍ അര്‍ജന്റീന മുന്നിലെത്തിയിരുന്നു. 36-ാം മിനുട്ടില്‍ ഏയ്ഞ്ജല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടിയത്.

79-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി എംബാപ്പെ ഫ്രാന്‍സിന്റെ ആദ്യ ഗോളാക്കി. 81-ാം മിനുട്ടിലും എംബാപ്പെ അര്‍ജന്റീനയെ ഞെട്ടിച്ച് ഗോള്‍ വല കുലുക്കി കളി സമനിലയിലാക്കി.

അധിക സമയത്തേക്ക് കടന്ന കളിയില്‍ 108-ാം മിനുട്ട് മെസ്സിയുടെ തകര്‍പ്പന്‍ ഗോളിനാണ് സാക്ഷ്യം വഹിച്ചത്. എന്നാല്‍ 116-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി എംബാപ്പെ ഒരിക്കല്‍ കൂടി ഗോളാക്കി ഫൈനലിലെ ഹാട്രിക്ക് തികച്ചു. 1966ന് ശേഷം ആദ്യമായാണ് ഒരു താരം ഫൈനലില്‍ ഹാട്രിക്ക് സ്വന്തമാക്കുന്നത്. ഇംഗ്ലണ്ടിന്റെ ജിയോഫ് ഹര്‍സ്റ്റാണ് 1966ല്‍ ഹാട്രിക്ക് ഗോള്‍ നേടിയത്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സ് രണ്ട് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതോടെ കപ്പ് മെസ്സിയുടെ കൈയിലേക്കെത്തി.

