അസ്സം അതിക്രമം; ഖത്തറിനും ഒമാനും പിന്നാലെ കുവൈത്തിലും കടുത്ത പ്രതികരണം

Web Desk
2 Min Read

ദോഹ: അസമിലെ ഡാരംഗ് ജില്ലയില്‍ സെപ്തംബര്‍ 23നുണ്ടായ കുടിയൊഴിപ്പിക്കല്‍ സംഘര്‍ഷവും പൊലീസ് വെടിവെയ്പും അറബ് ലോകത്ത് പ്രകോപനം സൃഷ്ടിച്ചതായി ദി വീക്ക് റിപ്പോര്‍ട്ട്.
പൊലീസ് വെടിവെയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതു മാത്രമല്ല കൊല്ലപ്പെട്ട ഒരാളുടെ മൃതദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പൊലീസിനോടൊപ്പുണ്ടായ ഫോട്ടോഗ്രാഫര്‍ പെരുമാറിയ കാഴ്ചയും വലിയ സ്വാധീനവും ഞെട്ടലുമാണുണ്ടാക്കിയത്. ഇന്ത്യയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് വലിയ പ്രതികരണമാണ് ഈ ദൃശ്യങ്ങള്‍ സൃഷ്ടിച്ചത്.

city exchange

കുവൈത്ത് ദേശീയ അസംബ്ലി അംഗങ്ങള്‍ ഇന്ത്യന്‍ അധികാരികളും ഹിന്ദു തീവ്രവാദ ഗ്രൂപ്പുകളും മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന ക്രൂരതകള്‍ അപലപിച്ചു.

അക്രമവും വിവേചനവും മുസ്‌ലിംകള്‍ നേരിടുന്നതായും കൊലപാതകം, കുടിയൊഴിപ്പിക്കല്‍, കത്തിക്കല്‍ തുടങ്ങി നിരവധി അക്രമം നേരിടുന്ന ഇന്ത്യന്‍ മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അസം സംഭവത്തിന്റെ പശ്ചാതലത്തില്‍ കുവൈത്ത് നിയമനിര്‍മാതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ അധികാരികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് സുരക്ഷ പുനഃസ്ഥാപിക്കുന്നതിനും ഉടനടി പ്രവര്‍ത്തിക്കണമെന്ന് അവര്‍ അന്താരാഷ്ട്ര, മാനുഷിക, മനുഷ്യാവകാശ, ഇസ്‌ലാമിക സംഘടനകളോട് ആവശ്യപ്പെട്ടതായി മിഡില്‍ ഈസ്റ്റ് മോണിറ്ററിനെ ഉദ്ധരിച്ച് ദി വീക്ക് പറഞ്ഞു.

- Advertisement -
Ad image

ഇന്ത്യന്‍ സാധനങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് കുവൈത്ത് എം പി ശുഐബ് അല്‍ മുവൈസരി ആവശ്യപ്പെട്ടു. ഇന്ത്യയേയും ഇന്ത്യന്‍ ഉത്പന്നങ്ങളും ബഹിഷ്‌ക്കരിക്കേണ്ടത് നിയമപരമായ കടമയാണെന്ന് മുവൈസരി ഉണര്‍ത്തി. ഇന്ത്യയിലെ മുസ്‌ലിം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്ന ഹീനമായ കുറ്റകൃത്യങ്ങളെ കുറിച്ച് നിങ്ങള്‍ എവിടെയാണെന്നാണ് ഇസ്‌ലാമിക് വേള്‍ഡ് ഓര്‍ഗനൈസേഷന്‍, ഇസ്‌ലാമിക രാജ്യങ്ങളുടെ നേതാക്കള്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍, ഐക്യരാഷ്ട്രസഭ നേതാക്കള്‍ തുടങ്ങിയവരോട് അദ്ദേഹം ചോദ്യം ഉന്നയിച്ചു.

ഇന്ത്യയെ കുറിച്ച് തെറ്റായ പ്രചാരണങ്ങളിലൂടെ വിദ്വേഷവും പൊരുത്തക്കേടുകളും വീഡിയോയിലൂടെ പ്രചരിപ്പിക്കാനുള്ള സോഷ്യല്‍ മീഡിയയിലെ ദുരുദ്ദേശ്യ ശ്രമങ്ങളെ കുറിച്ച് ശ്രദ്ധിക്കണമെന്നും എല്ലാ ഇന്ത്യക്കാരും ഐക്യത്തോടെയും സ്‌നേഹത്തോടെയും പെരുമാറണമെന്നും ഖത്തറിലെ ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഖത്തറില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ട്വിറ്ററില്‍ ഇംഗ്ലീഷിലും അറബിയിലും വന്ന ട്വീറ്റുകളുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു പ്രസ്താവന ഇന്ത്യന്‍ എംബസിക്ക് പുറത്തിറക്കേണ്ടി വന്നതെന്ന് ദി വീക്ക് പറയുന്നു.

കുടിയൊഴിപ്പിക്കുന്നതിനിടയില്‍ പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ടയാളുടെ ദേഹത്തേക്ക് ചാടി ചവിട്ടുകയും അപമാനിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഫോട്ടോഗ്രാഫറുടെ വീഡിയോ വലിയ പ്രതിഷേധമാണ് ഖത്തറില്‍ വിളിച്ചു വരുത്തിയത്. അടിച്ചമര്‍ത്തലിനെതിരെ പ്രതിഷേധിക്കണമെന്ന് ആയിരക്കണക്കിന് പേരാണ് ഓണ്‍ലൈനുകളില്‍ ആവശ്യപ്പെട്ടത്. മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേരെ ഇന്ത്യയിലെ സര്‍ക്കാര്‍ കണ്ണടക്കുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ആരോപണം ഉയര്‍ന്നു.

സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ ഏറ്റവും സ്വാധീനമുള്ള മതപുരോഹിതന്മാരിലൊരാളായ ഗ്രാന്റ് മുഫ്തി ശൈഖ് അഹമ്മദ് അല്‍ ഖലീലി ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരായ അക്രമത്തെ കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു.

ഔദ്യോഗിക അധികാരികളുടെ ഒത്താശയോടെയാണ് തീവ്രവാദി വിഭാഗങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണം നടത്തുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മനുഷ്യ മനസ്സാക്ഷിയോടെ എല്ലാവരും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമാധാനം ഇഷ്ടപ്പെടുന്ന എല്ലാ രാജ്യങ്ങളോടും ഈ ആക്രമണം തടയാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച അദ്ദേഹം ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ആവശ്യപ്പെട്ടതായി ദി വീക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!