
ദോഹ: 2027ലെ ഹജ്ജ് തീര്‍ഥാടനത്തിനായി ഖത്തറില്‍ 12,000ത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു.

സെപ്റ്റംബര്‍ 20ന് ആരംഭിച്ച രജിസ്‌ട്രേഷനില്‍ അപേക്ഷകരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുവരുന്നതായി ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് (ക്യു എന്‍ എ) നല്‍കിയ അഭിമുഖത്തില്‍ മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ കാര്യ വകുപ്പ് ഡയറക്ടര്‍ അലി അല്‍ മിസ്ഫിരി പറഞ്ഞു. രജിസ്‌ട്രേഷനുള്ള അവസാന തിയ്യതി ഒക്ടോബര്‍ 20 ആണ്.

അപേക്ഷകരെ ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുക. ഒക്ടോബര്‍ അവസാനത്തോടെ നറുക്കെടുപ്പ് നടത്താനാണ് പ്രതീക്ഷിക്കുന്നത്. സുതാര്യതയും എല്ലാവര്‍ക്കും തുല്യ അവസരവും ഉറപ്പാക്കുന്നതിനാണ് ഇലക്ട്രോണിക് സംവിധാനത്തിലൂടെയുള്ള തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എസ് എം എസ് വഴി അറിയിപ്പ് നല്‍കും. തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ അംഗീകൃത ഹജ്ജ് കാംപെയ്നുമായി ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കുകയും 10,000 ഖത്തര്‍ റിയാല്‍ മുന്‍കൂര്‍ തുക അടയ്ക്കുകയും വേണം. ഈ തുക പിന്നീട് ഹജ്ജിന്റെ ആകെ ചെലവില്‍നിന്ന് കുറയ്ക്കും.
ചില അപേക്ഷകളില്‍ നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരികയാണെന്നും അലി അല്‍ മിസ്ഫിരി പറഞ്ഞു. അനുയാത്രികനെയോ പുരുഷ രക്ഷിതാവിനെയോ (മഹ്‌റം) ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും താമസവിവരങ്ങളിലെയും പ്രായത്തിലെയും തിരുത്തലുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കുമാണ് പ്രധാനമായും പരിഹാരം കാണുന്നത്. ഔദ്യോഗിക പ്രവൃത്തിസമയങ്ങളില്‍ 132 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ഖത്തറിലെ ഹജ്ജ് രജിസ്‌ട്രേഷന്‍ സംവിധാനം പൊതുജനാരോഗ്യ മന്ത്രാലയവുമായി ഇലക്ട്രോണിക് രീതിയില്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി തീര്‍ഥാടകരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധനാ ഫലം ഏകദേശം 90 മിനിറ്റിനകം രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ ലഭ്യമാകും.
പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി തീര്‍ഥാടകര്‍ക്ക് ബാധകമാക്കുന്ന ആരോഗ്യ സംബന്ധമായ ആറ് നിയന്ത്രണങ്ങള്‍ സൗദി അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അലി അല്‍ മിസ്ഫിരി വ്യക്തമാക്കി.

