

ദോഹ: 2023ലെ അറബ് ടൂറിസം തലസ്ഥാനമായി ദോഹയെ തെരഞ്ഞെടുത്തു. അറബ് ലീഗ് ജനറല്‍ സെക്രട്ടറിയേറ്റില്‍ ചേര്‍ന്ന അറബ് മിനിസ്റ്റീരിയല്‍ കൗണ്‍സില്‍ ഫോര്‍ ടൂറിസമാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

അറബ് ലീഗിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി സാലെം മുബാറക് അല്‍ ഷാഫിയുടെ നേതൃത്വത്തിലാണ് ഖത്തര്‍ പ്രതിനിധി സംഘം കൗണ്‍സിലില്‍ പങ്കെടുത്തത്. ബന്ദര്‍ ബിന്‍ ഫഹദ് അല്‍ ഫുഹൈദിന്റെ നേതൃത്വത്തിലുള്ള കൗണ്‍സിലിനും അറബ് ടൂറിസം ഓര്‍ഗനൈസേഷനും ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

ഖത്തറിന്റെ നേതൃത്വത്തിന്റെയും സര്‍ക്കാരിന്റെയും ജനങ്ങളുടെയും സഹിഷ്ണുതയും നല്ല പെരുമാറ്റവും ആതിഥ്യ മര്യാദയും എടുത്തുപറഞ്ഞ അദ്ദേഹം ലോകകപ്പ് ടൂര്‍ണമെന്റില്‍ ലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകരെ സ്വീകരിച്ച് മികച്ച സഘാടനത്തിനും മാനേജ്‌മെന്റിനും ആതിഥ്യമര്യാദയ്ക്കും ഖത്തര്‍ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
2023-ലെ അറബ് ടൂറിസം തലസ്ഥാനമായി ദോഹയെ തിരഞ്ഞെടുത്തത് ഈ വിജയത്തെ ശക്തിപ്പെടുത്തുകയും പരക്കെ പരിഗണിക്കപ്പെടുന്ന അഭിമാനകരമായ സ്ഥാനം കൈവരിക്കാനുള്ള രാജ്യത്തിന്റെ മഹത്തായ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡിന് മുമ്പുള്ള അവസ്ഥയേക്കാള്‍ കൂടുതലാണ് ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം. ആറു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഈ വര്‍ഷമുണ്ടായത്. ഒക്ടോബര്‍ മാസത്തില്‍ മാത്രം 180,000 സന്ദര്‍ശകരാണ് ഖത്തറിലെത്തിയത്. അവസരങ്ങളുടെ ബാഹുല്യം, പുത്തന്‍ ഉ്ത്പന്നങ്ങള്‍, ഫുട്‌ബോള്‍ മാനിയ എന്നിവയാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണം.
ഒക്ടോബറില്‍ ഖത്തറിലെത്തിയ സന്ദര്‍ശകരില്‍ മൂന്നിലൊന്ന് ജി സി സി രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് കണക്കുകള്‍ പറയുന്നു. ജി സി സി രാജ്യങ്ങളില്‍ നിന്നല്ലാത്ത സന്ദര്‍ശകര്‍ 66 ശതമാനമാണ് ഉണ്ടായത്. മുന്‍ മാസത്തേക്കാള്‍ 10 ശതമാനം വര്‍ധനയാണ് ഇത് കാണിക്കുന്നത്. ജി സി സിക്ക് പുറത്തുള്ളവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ നിന്നാണ് സന്ദര്‍ശകരെത്തിയത്- 13 ശതമാനം. യു കെയില്‍ നിന്നും നാല് ശതമാനവും യു എസില്‍ നിന്നും മൂന്ന് ശതമാനവും സന്ദര്‍ശകര്‍ എത്തിച്ചേര്‍ന്നു. ഖത്തറിലെത്തിയവരില്‍ 70 ശതമാനം പേരും വിമാനത്തിലാണ് യാത്ര ചെയ്തത്. 29 ശതമാനം പേര്‍ കര മാര്‍ഗ്ഗവും ഒരു ശതമാനം മാത്രം കടലിലൂടെയുമാണ് രാജ്യത്ത് എത്തിച്ചേര്‍ന്നത്.

