
ദോഹ: കഥപറച്ചിലും സാംസ്‌കാരിക കൈമാറ്റവും കലയുടെ ഭാവങ്ങളും ആഘോഷിക്കുന്ന ദോഹ ഫിലിം ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കം. ഒരാഴ്ച തുടരുന്ന ഫെസ്റ്റിവലില്‍ സംവിധായിക കൗതര്‍ ബെന്‍ ഹാനിയയുടെ ഹൃദയഹാരിയായ ചിത്രം ദി വോയ്സ് ഓഫ് ഹിന്ദ് റജബ് ആണ് ഉദ്ഘാടന ചിത്രം.

മനുഷ്യരുടെ സ്ഥിരതയും പ്രതിരോധശേഷിയും പ്രതിഫലിപ്പിക്കുന്ന ഈ ചിത്രം ഫെസ്റ്റിവലിന്റെ സത്യത്തെ പ്രകാശിപ്പിക്കാനും സഹാനുഭൂതി ഉണര്‍ത്താനും ലക്ഷ്യമിടുന്ന പ്രതിബദ്ധതയുടെ തെളിവാണ്.

ലോക പ്രീമിയറുകളും സംവാദങ്ങളും ചര്‍ച്ചകളും ഇന്‍ഡസ്ട്രി സെഷനുകളും യുവജന പരിപാടികളും സംഗീത നിശകളും കമ്യൂണിറ്റി പ്രവര്‍ത്തനങ്ങളും ദോഹയിലെ വിവിധ വേദികളില്‍ നടക്കും.
മൊത്തം മൂന്നു ലക്ഷം യു എസ് ഡോളറിലേറെ മൂല്യമുള്ള സമ്മാനങ്ങളാണ് ഈ വര്‍ഷത്തെ മത്സരവിഭാഗങ്ങളിലുള്ളത്. ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം, ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം, ‘മെയ്ഡ് ഇന്‍ ഖത്തര്‍’, 16- 25 പ്രായക്കാരായ യുവാക്കള്‍ക്കുള്ള ‘അജ്യാല്‍ ഫിലിം’ എന്നിങ്ങനെ നാല് മത്സര വിഭാഗങ്ങളാണ് ദോഹ ഫിലിം ഫെസ്റ്റിവലിലുള്ളത്.
കഴിഞ്ഞ 15 വര്‍ഷങ്ങളായി അതുല്യമായ നിരവധി ചലച്ചിത്ര പ്രവര്‍ത്തകരുടെ സൃഷ്ടിപരമായ യാത്രകളെ പങ്കുവെക്കുകയും പിന്തുണക്കുകയും ചെയ്തതില്‍ അഭിമാനമുണ്ടെന്ന് ഫെസ്റ്റിവല്‍ ഡയറക്ടറും ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സി ഇ ഒയുമായ ഫാത്മ ഹസ്സന്‍ അല്‍ റുമൈഹി പറഞ്ഞു. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ അധ്യായത്തിന് തുടക്കമിടുമ്പോള്‍ മനുഷ്യന്റെ പങ്കു വെയ്ക്കപ്പെട്ട വികാരങ്ങളെയും സഹാനുഭൂതിയെയും വിളിച്ചോതുന്ന ശബ്ദങ്ങളെ തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണെന്നും അവര്‍ വിശദമാക്കി.
ഈ വര്‍ഷം ലോകപ്രശസ്ത ചലച്ചിത്രകാരന്‍മാരും കലാകാരന്മാരും ആക്ടിവിസ്റ്റുകളും ഫെസ്റ്റിവലില്‍ പ്രത്യേകാതിഥികളായി പങ്കെടുക്കുന്നുണ്ട്. സ്റ്റീവന്‍ സോഡര്‍ബര്‍ഗ്, റാമി യൂസഫ്, മൈക്കേല കോയല്‍, മോ അമര്‍, ജമാല്‍ സുലൈമാന്‍, ഗോള്‍ഷിഫ്തെ ഫറാഹാനി, ഏലിയ സുലൈമാന്‍, എന്‍ജിന്‍ അല്‍താന്‍ ദ്യൂസ്യാത്താന്‍, ജാസിം അല്‍ നബ്ഹാന്‍, ദോറാ സറൂക്ക്, സാലെ ബക്രി, ഹിയാം അബ്ബാസ്, മെഹ്ദി ഹസന്‍, റഹ്മ സൈന, ജിം ഷെരിഡന്‍, യാസിന്‍ ബേ, സെന്റ് ലെവാന്റ്, ആന്‍ മേരി ജാസിര്‍, മിസാന്‍ ഹാരിമാന്‍ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.

