പാലക്കാട് വികസന തുടര്‍ച്ച നടപ്പാക്കുന്നു; സേവനം തനിക്ക് കൂടുതല്‍ സന്തോഷം നല്‍കുന്നുവെന്ന് രമേശ് പിഷാരടി എം എല്‍ എ

Web Desk
1 Min Read

ദോഹ: സിനിമയേക്കാള്‍ കൂടുതല്‍ താനിപ്പോള്‍ ഇഷ്ടപ്പെടുന്നത് പൊതുജനങ്ങള്‍ക്കായുള്ള സേവനമാണെന്ന് രമേശ് പിഷാരടി എം എല്‍ എ. ഹൃസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു.

city exchange

കഴിഞ്ഞ കാലങ്ങളില്‍ പാലക്കാട് ജനപ്രതിനിധികള്‍ നടത്തിയ വികസനത്തിന്റെ തുടര്‍ച്ച താന്‍ നിര്‍വഹിക്കുന്നുണ്ടെന്നും എന്നാല്‍ വികസനവുമായി ബന്ധപ്പെട്ട് സ്ഥലസൗകര്യം കുറവാണെന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസനത്തിന് പ്രധാന ഘടകമാണ് സ്ഥലം. ആവശ്യമായ സ്ഥലങ്ങളില്ലാതെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നത് പ്രയാസകരമാണ്. എങ്കിലും ഉള്ള സൗകര്യം ഉപയോഗിച്ച് മികച്ച ഗതാഗത സാധ്യതകളും മണ്ഡലത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാനുമാണ് ആലോചിക്കുന്നത്.

പാലക്കാട് പുതിയ ഓവര്‍ ബ്രിഡ്ജ് വരാനിരിക്കുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം, പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മാണം തുടങ്ങി നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതില്‍ തനിക്ക് വലിയ സന്തോഷം അനുഭവപ്പെടുന്നുണ്ടെന്നും പിഷാരടി ചൂണ്ടിക്കാട്ടി. സിനിമയില്‍ മാത്രമായിരുന്നുവെങ്കില്‍ ഇത്രയധികം സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ തനിക്ക് സാധിക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ പാവപ്പെട്ടവര്‍ക്കായി 27 വീടുകളോളം നിര്‍മിച്ചു നല്‍കാന്‍ സാധിച്ചു. ഓരോ പഞ്ചായത്തിലും കല്ല്യാണ മണ്ഡപങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഓരോ പഞ്ചായത്തിലും ആവശ്യമായ കാര്യങ്ങള്‍ എന്തൊക്കെയാണോ അതൊക്കെ ഘട്ടംഘട്ടമായി നടപ്പാക്കുകയാണെന്നും രമേശ് പിഷാരടി പറഞ്ഞു.

- Advertisement -
Ad image

റെയില്‍വേ പാലക്കാട് ഡിവിഷനുമായി ബന്ധപ്പെട്ട വിഷയം നിയമസഭയില്‍ അവതരിപ്പിച്ചതായും അതില്‍ പരിഹാരം കാണുമെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാടിനെ ഏത് രീതിയില്‍ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് തന്റേതായ രീതിയില്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത സംസ്‌ക്കാരങ്ങളും ജീവിത രീതികളുമുള്ള മണ്ഡലമെന്ന നിലയില്‍ പാലക്കാടിന് അനുയോജ്യമായ വികസനമാണ് തീരുമാനിച്ചിരിക്കുന്നത്.

സിനിമ അഭിനയം താന്‍ അവസാനിപ്പിച്ചുവെന്നും സംവിധായകനായി തുടരുമെന്നും പറഞ്ഞ പിഷാരടി ഈ അഞ്ചുവര്‍ഷം പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ജനസേവനത്തിലായിരിക്കുമെന്നും പൊതുജനങ്ങളോടൊപ്പം സമ്പൂര്‍ണമായി ഉണ്ടായിരിക്കുമെന്നും രമേശ് പിഷാരടി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!