
ദോഹ: കുട്ടികളുടെ ഓണ്ലൈന് സുരക്ഷ ഉറപ്പാക്കുന്നതിനും ഡിജിറ്റല് സാങ്കേതികവിദ്യയുടെ ഉത്തരവാദിത്തപൂര്ണമായ ഉപയോഗത്തെക്കുറിച്ച് കുടുംബങ്ങളില് അവബോധം വളര്ത്തുന്നതിനുമായി ഖത്തര് എന്ഡോവ്മെന്റ്സ് ആന്ഡ് ഇസ്ലാമിക കാര്യ മന്ത്രാലയം (ഔഖാഫ്) വെള്ളിയാഴ്ച ഖുതുബകള് പ്രയോജനപ്പെടുത്തുന്നു. മന്ത്രാലയത്തിന് കീഴിലുള്ള മസ്ജിദ് കാര്യ വകുപ്പാണ് ദേശീയ ബോധവത്കരണ കാമ്പയിനില് പങ്കാളിയാകുന്നത്.

കുടുംബങ്ങളുടെ സംരക്ഷണം എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന സന്ദേശവുമായി സാമൂഹിക വികസന- കുടുംബ മന്ത്രാലയത്തിന്റെ (എം എസ് ഡി എഫ്) നേതൃത്വത്തിലാണ് കാമ്പയിന് സംഘടിപ്പിക്കുന്നത്. ഡിസംബര് 26 വരെ രാജ്യത്തെ വിവിധ പള്ളികളില് നടക്കുന്ന വെള്ളിയാഴ്ച ഖുതുബകളിലൂടെ രക്ഷാകര്തൃ ഉത്തരവാദിത്തം, ഡിജിറ്റല് സുരക്ഷ, ഓണ്ലൈന് അപകടങ്ങളില്നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവയ്ക്ക് പ്രാധാന്യം നല്കും. കുടുംബബന്ധങ്ങളും സാമൂഹിക സ്ഥിരതയും ശക്തിപ്പെടുത്തുന്നതും കാമ്പയിന്റെ ലക്ഷ്യമാണ്.

ഔഖാഫ് മന്ത്രാലയവും സാമൂഹിക വികസന- കുടുംബ മന്ത്രാലയവും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യമാണ് ഈ സംരംഭം വ്യക്തമാക്കുന്നതെന്ന് അധികൃതര് പറഞ്ഞു. കുടുംബ- ശിശുക്ഷേമ വിഷയങ്ങളില് വിവിധ സര്ക്കാര് സ്ഥാപനങ്ങളുടെ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുകയും കുട്ടികള്ക്ക് സുരക്ഷിതമായ ഡിജിറ്റല് അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക സാഹചര്യങ്ങളില് ഖത്തര് സമൂഹത്തിലെ കുടുംബങ്ങളുടെ സ്ഥിരത നിലനിര്ത്താനും പദ്ധതി സഹായകമാകും.
ഡിജിറ്റല് സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി വെള്ളിയാഴ്ച പ്രഭാഷണങ്ങള് ഉപയോഗിക്കുന്നത് പള്ളികള്ക്ക് നിര്ണായകമായ സാമൂഹിക ദൗത്യം നിര്വഹിക്കാനാകുമെന്നതിന്റെ തെളിവാണെന്നും ജനങ്ങളില് അവബോധം വളര്ത്തുന്നതിനും മൂല്യങ്ങള് പകര്ന്നുനല്കുന്നതിനും കുടുംബങ്ങളെയും സമൂഹത്തെയും ബാധിക്കുന്ന വിഷയങ്ങള് ചര്ച്ച ചെയ്യുന്നതിനും പള്ളികള്ക്ക് സുപ്രധാന പങ്കുവഹിക്കാനാകുമെന്നും
ഔഖാഫ് മന്ത്രാലയത്തിലെ മസ്ജിദ് കാര്യ വകുപ്പ് ഡയറക്ടര് ശൈഖ് അബ്ദുറഹ്മാന് ബിന് അബ്ദുല് അസീസ് അല്ഥാനി പറഞ്ഞു:
ഡിജിറ്റല് സുരക്ഷയുടെ കാര്യത്തില് ഏറ്റവും പ്രധാനപ്പെട്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങള് സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടാന് തുടര്ച്ചയായ ബോധവത്കരണവും വിദ്യാഭ്യാസപരമായ ഇടപെടലുകളും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ ഓണ്ലൈന് പ്രവര്ത്തനങ്ങള് നിരീക്ഷിക്കുന്നതിലും അവര്ക്ക് ശരിയായ മാര്ഗനിര്ദേശം നല്കുന്നതിലും മാതാപിതാക്കള് വഹിക്കേണ്ട പങ്ക് പ്രഭാഷണങ്ങളില് വിശദീകരിക്കും. സാങ്കേതികവിദ്യ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന് കുട്ടികളുമായി തുറന്ന ആശയവിനിമയം നടത്തേണ്ടതിന്റെ ആവശ്യകതയ്ക്കും ഊന്നല് നല്കും. ഡിജിറ്റല് ലോകത്തെ വെല്ലുവിളികളെക്കുറിച്ച് അവബോധത്തോടെ മുന്നേറുന്നതിനൊപ്പം കുടുംബബന്ധങ്ങള് ദൃഢമായി നിലനിര്ത്താനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
കുട്ടികളെ പരിപാലിക്കുകയും ശരിയായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നത് മതപരവും കുടുംബപരവുമായ ഉത്തരവാദിത്തമാണെന്നും ഔഖാഫ് മന്ത്രാലയം വ്യക്തമാക്കി. വീട്ടില് സുരക്ഷിതമായ ഡിജിറ്റല് അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സൈബര് ബുള്ളിയിങ്, ഓണ്ലൈന് ചൂഷണം, അനുചിതമായ ഉള്ളടക്കങ്ങള് എന്നിവയില്നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും മാതാപിതാക്കള് സജീവമായി ഇടപെടണം.
ആവശ്യമായ സാഹചര്യങ്ങളില് ബന്ധപ്പെട്ട അധികാരികളുമായി എങ്ങനെ ബന്ധപ്പെടാമെന്ന കാര്യവും പ്രഭാഷണങ്ങളിലൂടെ വിശദീകരിക്കും. പ്രധാന സാമൂഹിക വിഷയങ്ങള് കൈകാര്യം ചെയ്യുന്നതില് വിവിധ സര്ക്കാര് സ്ഥാപനങ്ങള് തമ്മിലുള്ള ഏകോപിത പ്രവര്ത്തനത്തിന്റെ ഉദാഹരണമാണ് ഈ സംരംഭമെന്നും മന്ത്രാലയം അറിയിച്ചു.
സമൂഹത്തിലെ ഐക്യം ശക്തിപ്പെടുത്തുകയും മാറിക്കൊണ്ടിരിക്കുന്ന സാംസ്കാരിക- സാങ്കേതിക സാഹചര്യങ്ങളോട് അവബോധത്തോടെയും സുരക്ഷിതമായും പൊരുത്തപ്പെടാന് ജനങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ഖത്തര് ദേശീയ ദര്ശനം 2030ന്റെ ലക്ഷ്യങ്ങളോടും ഈ കാമ്പയിന് യോജിച്ചുപോകുന്നു.

