Community
മാറ്റങ്ങളെ അംഗീകരിച്ച് മുമ്പോട്ടു പോകുമ്പോഴാണ് മികവ് പ്രകടമാവുക: കണ്ണൂര്‍ ശരീഫ്

ദോഹ: മാപ്പിളപ്പാട്ടിനെ ഇഷ്ടപ്പെടുന്നവര്‍ എല്ലാ കാലത്തും ഉണ്ടാകുമെന്നും കാലത്തിന് അനുസരിച്ച മാറ്റങ്ങള്‍ എല്ലാറ്റിലും വരുമെന്നും ഗായകന്‍ കണ്ണൂര്‍ ശരീഫ്. പരിപാടിക്കായി ഖത്തറിലെത്തിയ കണ്ണൂര്‍ ശരീഫ് ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു.



ഓരോ കാലത്തും ഓരോ മാറ്റങ്ങള്‍ വരും. അത് അംഗീകരിക്കുകയാണ് വേണ്ടത്. ആത്യന്തികമായി ഗാനങ്ങളെ സ്‌നേഹിക്കുകയെന്നതാണ് വേണ്ടത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം മാപ്പിളപ്പാട്ടുകളെന്നാല്‍ ഗൃഹാതുരത്വം കൂടിയാണ്.


മാപ്പിളപ്പാട്ട് ശാഖയില്‍ വ്യത്യസ്തമായ പാട്ടുകളും ശൈലിയുമുണ്ട്. സിനിമയില്‍ വരുമ്പോള്‍ മാപ്പിളപ്പാട്ടിന് പുതിയ മാനം കാണാനാവുന്നുണ്ട്. അടുത്ത കാലത്ത് മലയാള സിനിമയില്‍ വന്ന മാപ്പിളപ്പാട്ടുകള്‍ മാത്രമല്ല മാപ്പിളപ്പാട്ട് ശൈലിയില്‍ പാടിയ ഗാനങ്ങള്‍ ഉള്‍പ്പെടെ ഹിറ്റായിട്ടുണ്ടെന്നും കണ്ണൂര്‍ ശരീഫ് ചൂണ്ടിക്കാട്ടി.



പുതിയ കാലത്ത് എല്ലാവര്‍ക്കും മുമ്പില്‍ നിരവധി സാധ്യതകളുണ്ട്. മാപ്പിളപ്പാട്ട് ഉള്‍പ്പെടെ പാടാന്‍ കഴിവുള്ളവര്‍ക്കെല്ലാം സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നിരവധി സാധ്യതകള്‍ മുമ്പില്‍ തുറന്നുകിടക്കുകയാണ്. പാടുന്നത് നല്ല രീതിയിലാണെങ്കില്‍ അവരെ ഉയര്‍ത്താന്‍ ആളുകള്‍ വരും. വേദികളില്‍ സജീവമല്ലാത്തവര്‍ പോലും സാമൂഹ്യ മാധ്യമങ്ങളില്‍ തങ്ങളുടേതായ ഇടം കണ്ടെത്തി ജനമനസ്സുകളില്‍ ഇറങ്ങിച്ചെല്ലുന്നുണ്ട്.

ഗായകന്‍ എന്ന നിലയില്‍ എനിക്കു മുമ്പില്‍ വഴി തുറന്നു തന്നത് മാപ്പിളപ്പാട്ടുകളാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെ കാലമായി എന്നെ ആളുകള്‍ കേള്‍ക്കുന്നു എന്നത് തന്നെ ഭാഗ്യമായാണ് കാണുന്നത്. അതോടൊപ്പം നേരത്തെ ഏഷ്യാനെറ്റിന്റെ മൈലാഞ്ചിയില്‍ വിധി കര്‍ത്താവായും പിന്നീട് സരിഗമപയിലും ഇപ്പോള്‍ സ്റ്റാര്‍ സിംഗറിലും ഗ്രൂമിംഗിലും പ്രവര്‍ത്തിക്കുന്നതിന് പിന്നില്‍ മാപ്പിളപ്പാട്ട് നല്‍കിയ ഭാഗ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഈദിന് പുറത്തിറക്കാന്‍ ഒരു ആല്‍ബം തയ്യാറാക്കിയിരുന്നുവെങ്കിലും തിരക്കുകളെ തുടര്‍ന്ന് അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും കണ്ണൂര്‍ ശരീഫ് വിശദമാക്കി.
‘മനസ്സിന്റെ കവാടങ്ങള്‍ തുറന്നുവെക്കൂ
മതിലില്ലാ വാതില്‍ കേറാന്‍ വഴിയൊരുക്കൂ
മനുഷ്യന്മാര്‍ പരസ്പരം കരം പിടിക്കൂ’
എന്നു തുടങ്ങുന്ന ഗാനമാണ് കണ്ണൂര്‍ ശരീഫിന്റേതായി പുറത്തുവരാനിരിക്കുന്നത്.
ജ്യേഷ്ഠനാണ് ഈസക്ക
കാല്‍ നൂറ്റാണ്ടിലേറെയായി ഈസക്കയുമായി പരിചയമുണ്ട്. തന്റെ ജ്യേഷ്ഠന്റേയോ പിതാവിന്റെയോ ഒക്കെ സ്ഥാനമാണ് അദ്ദേഹത്തിന് നല്‍കിയതെന്ന് കണ്ണൂര്‍ ശരീഫ് പറഞ്ഞു. ആദ്യകാലങ്ങള്‍ മുതല്‍ അദ്ദേഹം ചേര്‍ത്തു പിടിച്ചിരുന്നു. അത് അവസാന കാലംവരെ തുടരുകയും ചെയ്തു. എന്നോടു മാത്രമല്ല എല്ലാവരോടും അദ്ദേഹം അതേ രീതിയില്‍ തന്നെയാണ് പെരുമാറിയിരുന്നത്.
ഒരുപാട് കാര്യങ്ങള്‍ ഇനിയും ലോകത്തിന് വേണ്ടി ചെയ്യാന്‍ ബാക്കി വെച്ചിട്ടാണ് അദ്ദേഹം പോയത്. എന്തെങ്കിലുമൊക്കെ പ്രയാസമുണ്ടാകുമ്പോള്‍ നമുക്ക് വിളിക്കാന്‍ പറ്റുന്ന ചില മുഖങ്ങളുണ്ടല്ലോ, അതില്‍ പ്രധാനിയാണ് ഈസക്ക. എന്ത് പ്രശ്‌നങ്ങള്‍ പറഞ്ഞാലും അദ്ദേഹം അതിനൊരു പരിഹാരം കണ്ടെത്തിയിരിക്കും.
കലാ- സാംസ്‌ക്കാരിക മേഖലയില്‍ മാത്രമല്ല ഏത് രംഗത്തും നമുക്ക് ധൈര്യത്തോടെ പറയാന്‍ പറ്റുന്ന ഒരാളായിരുന്നു ഈസക്ക. ചെറുപ്പം മുതലേ സംഗീതത്തില്‍ തത്പരനായതു കൊണ്ടു തന്നെ ഈസക്ക നാഗൂര്‍ ഹനീഫയുടെയൊക്കെ പാട്ടുകള്‍ പാടുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്.
ഈസക്കയെ കുറിച്ച് പറയുമ്പോള്‍ പല സമയങ്ങളിലും കണ്ണൂര്‍ ശരീഫിന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.


