

ദോഹ: ഒന്‍പത് ദിവസങ്ങള്‍ക്കപ്പുറം ആദ്യ വിസില്‍ മുഴങ്ങുന്ന ഫിഫ ലോകകപ്പ് ഖത്തര്‍ 2022നെ വരവേല്‍ക്കാന്‍ വിവിധ ടീമുകളുടെ ആരാധകര്‍ കോര്‍ണിഷില്‍ ഘോഷയാത്ര നടത്തി. സംഗീതവും ബാന്റും ചെണ്ടമേളവും ഉള്‍പ്പെടെ ശബ്ദവും വെളിച്ചവും നിറഞ്ഞ അന്തരീക്ഷത്തില്‍ വിവിധ രാജ്യക്കാരോടൊപ്പം നിരവധി മലയാളികളും പങ്കെടുത്തു.


ചെണ്ടയും ചേങ്ങിലയുമായി ആയിരക്കണക്കിന് മലയാളികളാണ് കുടുംബ സമേതം കോര്‍ണിഷില്‍ തങ്ങളുടെ ടീമിന്റെ ജേഴ്‌സിയുമണിഞ്ഞെത്തിയത്.


വെള്ളിയാഴ്ചയുടെ അവധിയെ കോര്‍ണിഷിലെ ഫ്ളാഗ് കോര്‍ണറിലേക്ക് ഘോഷയാത്ര നടത്തി ആഘോഷമാക്കുകയായിരുന്നു ഫുട്ബാള്‍ ആരാധകര്‍. ഓരോ ടീമിന്റേയും ആരാധകര്‍ സംഘം ചേര്‍ന്നാണ് ഘോഷമായി യാത്ര നടത്തിയത്. കോര്‍ണിഷ് തെരുവില്‍ ‘മെസി’യും ‘നെയ്മറും’ ഉള്‍പ്പെടെയുള്ള ലോകോത്തര താരങ്ങള്‍ ‘അണിനിരന്നു.’

ഫ്‌ളാഗ് കോര്‍ണറില്‍ ആയിരക്കണക്കിന് പേരാണ് വിശേഷങ്ങള്‍ പങ്കുവെച്ചും സെല്‍ഫികളെടുത്തും ഒത്തുകൂടിയത്. അര്‍ജന്റീനയ്ക്കും ബ്രസീലിനുമാണ് ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായത്.

