

ദുബൈ: സിറിയന്‍ ബാലിക ശാമല്‍ ബകൂറിന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ ആയിരം കണ്ഠങ്ങള്‍ അവള്‍ക്ക് ആശീര്‍വാദം നല്‍കുകയായിരുന്നു. ലോകമെമ്പാടുമുള്ള 44 രാജ്യങ്ങളില്‍നിന്നുള്ള 2.27 കോടി വിദ്യാര്‍ഥികള്‍ പങ്കാളികളായ അറബ് ലോകത്തെ ഏറ്റവും പ്രശസ്തമായ വായനാ പുരസ്‌കാരമാണ് ഏഴുവയസുകാരി സിറിയന്‍ അഭയാര്‍ഥി പെണ്‍കുട്ടിക്ക് ലഭിച്ചത്.

സിറിയയില്‍ യുദ്ധം കൊടുമ്പിരികൊള്ളുമ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം അവളും അലപ്പോ നഗരത്തില്‍ നിന്നും ഓടിയകലുകയായിരുന്നു. അപ്പോഴാണ് അവര്‍ സഞ്ചരിച്ച കാറിന് മുന്നില്‍ ഒരു മിസൈല്‍ വന്ന് പതിക്കുന്നതും ഉപ്പയെ നഷ്ടമാവുന്നതും. പിന്നീട് അവള്‍ പ്രിയപ്പെട്ട ഉമ്മയോടൊപ്പമായിരുന്നു.

അക്ഷരങ്ങള്‍ പഠിപ്പിച്ചതും പുസ്തകങ്ങളെ പ്രണയിക്കാന്‍ ശീലിപ്പിച്ചതും ഉമ്മ തന്നെ. ഇക്കഴിഞ്ഞ വ്യാഴാഴ്ച ദുബൈ നഗരത്തിലെ ഓപേറ ഹൗസില്‍ തിങ്ങിക്കൂടിയ ആയിരങ്ങള്‍ക്കു മുന്നില്‍ നിന്നും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമില്‍നിന്ന് വായനാ മത്സര അവാര്‍ഡ് ഏറ്റുവാങ്ങി.
അറബ് ലോകത്തെ ഏറ്റവും പ്രശസ്തമായ വായനാ പുരസ്‌കാരമാണ് അറബ് റീഡിങ് ചാലഞ്ച് ചാമ്പ്യന്‍. അഞ്ചുലക്ഷം ദിര്‍ഹം (ഒരു കോടിയിലേറെ രൂപ) സമ്മാനത്തുകയുള്ള അവാര്‍ഡ് മേഖലയിലെ തന്നെ ഏറ്റവും വലിയ വായനാ പുരസ്‌കാരമാണ്. മാതാവ് മനാല്‍ മതാറിനൊപ്പമാണ് അവാര്‍ഡ് വാങ്ങാനായി ശാമല്‍ എത്തിച്ചേര്‍ന്നത്.
ചാലഞ്ചില്‍ പങ്കെടുക്കുന്നതിനായി 70 പുസ്തകങ്ങളാണ് ഈ കൊച്ചു മിടുക്കി വായിച്ചു തീര്‍ത്തത്. മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റിവ്സ് സംഘടിപ്പിക്കുന്ന മത്സരത്തില്‍ മികച്ച സ്‌കൂളിന് 10 ലക്ഷം ദിര്‍ഹം സമ്മാനം നല്‍കുന്നുണ്ട്. ഇത്തവണ മൊറോക്കോയില്‍നിന്നുള്ള സ്‌കൂളിനാണ് ഈ അവാര്‍ഡ് ലഭിച്ചത്.

