മുന്‍ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

Web Desk
1 Min Read

ഗള്‍ഫ് യുദ്ധകാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു

city exchange

കോഴിക്കോട്: വി പി സിംഗ് മന്ത്രിസഭയില്‍ ഉപരിതല ഗതാഗത മന്ത്രിയും വടകര പാര്‍ലമെന്റ് മണ്ഡലം എം പിയും കോണ്‍ഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു. 89 വയസ്സായിരുന്നു.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ആറു തവണ തുടര്‍ച്ചയായി വടകരയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു അദ്ദേഹം. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് നടക്കും.

ശങ്കേഴ്‌സ് വീക്കിലി, മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായിരുന്ന അദ്ദേഹം സ്‌കൂള്‍- കോളജ് കാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടത്.

- Advertisement -
Ad image

മാധ്യമ പ്രവര്‍ത്തകനായിരിക്കെയാണ് 1971ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വടകരയില്‍ നിന്നും ആദ്യമായി മത്സരിച്ചത്. പിന്നീട് 1977, 1980, 1984, 1989, 1991 എന്നീ വര്‍ഷങ്ങളില്‍ ലോക്‌സഭയില്‍ അംഗമായി.

ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്ന കെ പി ഉണ്ണികൃഷ്ണന്‍ പിന്നീട് ഇന്ദിരാഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് യു വിലേക്ക് എത്തിയത്.

1978ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് യു വിഭാഗത്തില്‍ എത്തി. 1979- 80 കാലത്ത് എ ഐ സി സി (യു) ജനറല്‍ സെക്രട്ടറിയായിരുന്നു. 1980ല്‍ എ ഐ സി സി (എസ്) ജനറല്‍ സെക്രട്ടറിയായി. രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് വളം കുംഭകോണം, ബോഫോഴ്‌സ് ഇടപാടിലെ അഴിമതി എന്നിവ പുറത്തുകൊണ്ട് വന്നു. വി പി സിങ് മന്ത്രിസഭയില്‍ ക്യാബിനെറ്റ് റാങ്കോടെ മന്ത്രിയായി. ഗള്‍ഫ് യുദ്ധ കാലത്ത് പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 1995ലാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.

കൊയിലാണ്ടിയില്‍ അഭിഭാഷകനായിരുന്ന കുഞ്ഞിക്കണ്ണന്‍ നായരുടെ മകനായി 1936 സെപ്തംബര്‍ 20ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ജനിച്ച കെ പി ഉണ്ണികൃഷ്ണന്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജ്, പ്രസിഡന്‍സി കോളജ്, മദ്രാസ് ഗവണ്‍മെന്റ് ലോക കോളജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

Share This Article
Leave a Comment
error: Content is protected !!