Featured
ശക്തമായ പൊടിക്കാറ്റില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് സൗദിയില്‍ നാലു പേര്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ശക്തമായ പൊടിക്കാറ്റില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. 19 പേര്‍ക്ക് പരുക്കേറ്റതായി റിയാദ് മേഖലയിലെ റോഡ് സെക്യൂരിറ്റി അറിയിച്ചു. റിയാദ് മേഖലയിലെ അല്‍ റെയ്ന്‍ ഗവര്‍ണറേറ്റിനെയും തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അസീറിലെ ബിഷയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് അപകടമുണ്ടായത്.
ഒന്നിനു പിറകെ ഒന്നായി 13 വാഹനങ്ങളാണ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് അധികൃതര്‍ പറയുന്നത്. വന്‍ അപകടമാണ് നടന്നതെന്നും റോഡ് സുരക്ഷയ്ക്കുള്ള പ്രത്യേക സേന പറഞ്ഞു.
സൗദി റെഡ് ക്രസന്റ് ആംബുലന്‍സുകള്‍ പരിക്കേറ്റവരെ അല്‍-റെയ്ന്‍ ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഒടിവുകള്‍, ആന്തരിക രക്തസ്രാവം തുടങ്ങിയവ പരിക്കേറ്റവരില്‍ കണ്ടെത്തിയിട്ടുണ്ട്.
നാലു പേരെ കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലേക്കും അല്‍-കുവൈയ്യ ജനറല്‍ ആശുപത്രിയിലേക്കും മാറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഏഴ് പേരെ മെഡിക്കല്‍ ഫോളോ-അപ്പിനായി ആശുപത്രിയിലെ വിവിധ മേഖലകളില്‍ പ്രവേശിപ്പിച്ചു. എട്ടുപേരെ ഡിസ്ചാര്‍ജ് ചെയ്തു.
കൂട്ടിയിടിയില്‍ ഹൈവേയില്‍നിന്ന് കാറുകള്‍ തെന്നിമാറി റോഡിന്റെ ഇരുവശങ്ങളിലേക്കും തെറിച്ചുവീണു.