Connect with us

Featured

ഗാസ; ഇസ്രായേല്‍- ഹമാസ് യുദ്ധത്തിന് താത്ക്കാലിക അറുതി

Published

on


ദോഹ: ഗാസയിലെ യുദ്ധം താല്‍ക്കാലികമായി നിര്‍ത്താന്‍ ഇസ്രായേലും ഹമാസും തമ്മില്‍ ധാരണ. ഖത്തര്‍ ഉള്‍പ്പെടെയുള്ള മധ്യസ്ഥരുമായി ദോഹയില്‍ നടത്തിയ ചര്‍ച്ചയിലാണ് 15 മാസത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയായത്.

മൂന്ന് ഘട്ടങ്ങളായാണ് സമാധാന കരാര്‍ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ തടവിലാക്കപ്പെട്ട ചില ബന്ദികളെ കൈമാറുന്നതിന് പകരം ഇസ്രായേല്‍ ജയിലുകളിലെ ഫലസ്തീന്‍ തടവുകാരെ വിട്ടയക്കും.

നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിയുക്ത മിഡില്‍ ഈസ്റ്റ് ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ഉള്‍പ്പെടെയുള്ള ചര്‍ച്ചക്കാര്‍ യു എസ്, ഇസ്രായേല്‍, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മധ്യസ്ഥരുമായി കരട് അന്തിമമാക്കുന്നതിന് ദോഹയില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് വീണ്ടും ഒത്തുകൂടിയിരുന്നു.

കരാര്‍ ഒപ്പിട്ടാല്‍ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച ഇസ്രായേല്‍ മന്ത്രിസഭ യോഗം ചേരുമെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഏതൊരു കരാറിനും ഇസ്രായേലിന്റെ സുരക്ഷാ മന്ത്രിസഭയും പൂര്‍ണ്ണ സര്‍ക്കാരും അംഗീകാരം നല്‍കേണ്ടതുണ്ട്.

കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഗാസയിലെ പോരാട്ടം താത്ക്കാലികമായി നിര്‍ത്തുകയും ഗാസയില്‍ തടവിലാക്കപ്പെട്ട 33 ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഇസ്രായേലില്‍ തടവിലാക്കപ്പെട്ട ചില ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്യും. വാള്‍ സ്ട്രീറ്റ് ജേണല്‍ വ്യക്തമാക്കിയ കരട് പ്രകാരം മോചിപ്പിക്കപ്പെടുന്ന ബന്ദികളില്‍ സ്ത്രീകള്‍, കുട്ടികള്‍, ഗുരുതരമായ പരിക്കേറ്റവര്‍, 50 വയസ്സിന് മുകളിലുള്ളവര്‍ എന്നിവരും ഉള്‍പ്പെടും. ഹമാസ് മൃതദേഹങ്ങളും കൈമാറും.

കരാറിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങളിലാണ് യുദ്ധം പൂര്‍ണമായും നിര്‍ത്തലാക്കുന്നത് തീരുമാനമാവുക. ഈ ഘട്ടങ്ങളില്‍ എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ഒടുവില്‍ ഗാസ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയും ഉള്‍പ്പെടും.

ഇസ്രായേല്‍ തങ്ങളുടെ ബന്ദികളെ തിരികെ കൊണ്ടുവരാനും പിന്നീട് യുദ്ധം തുടരാനും ആഗ്രഹിക്കുമ്പോള്‍ സംഘര്‍ഷം അവസാനിപ്പിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന നിലപാടാണ് ഹമാസ് സ്വീകരിച്ചത്.

കരാറിന്റെ ആദ്യ ഘട്ടം അവസാനിച്ചതിനുശേഷം സ്ഥിരമായ വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ ഇസ്രായേല്‍ തുടരുമെന്ന് യു എസ്, ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള വാക്കാലുള്ള ഉറപ്പുകള്‍ ഹമാസ് സ്വീകരിച്ചതായി അറബ് മധ്യസ്ഥര്‍ പറഞ്ഞു.

ഇസ്രായേല്‍, ഹമാസ് ടീമുകള്‍ ഒരേ സ്ഥലത്തായിരുന്നുവെങ്കിലും ഒരേ മുറിയിലായിരുന്നില്ലെന്ന് അറബ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മധ്യസ്ഥര്‍ വഴി സന്ദേശങ്ങള്‍ കൈമാറിയതായും കൂട്ടിച്ചേര്‍ത്തു.

കരാറിന്റെ ആദ്യ ഘട്ടത്തില്‍ മോചിപ്പിക്കാന്‍ ഉദ്ദേശിച്ച 33 ബന്ദികളില്‍ എത്ര പേര്‍ മരിച്ചുവെന്ന് ഇസ്രായേലിന് ഇപ്പോഴും അറിയില്ല. പക്ഷേ ഭൂരിപക്ഷം പേരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് വിശ്വസിക്കുന്നതെന്ന് ഇസ്രായേലി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എത്ര ഫലസ്തീന്‍ തടവുകാരെയാണ് മോചിപ്പിക്കുന്നതെന്നും വ്യക്തമായിട്ടില്ല.

മോചിപ്പിക്കപ്പെടുന്ന ബന്ദികളെ സ്വീകരിക്കാന്‍ ഇസ്രായേലി ആശുപത്രികളും മെഡിക്കല്‍ സംഘങ്ങളും തയ്യാറെടുക്കുകയാണ്.

ഹമാസിനെ പിഴുതെറിയാതെ ഗാസയിലെ ഇസ്രായേലിന്റെ യുദ്ധം അവസാനിപ്പിക്കുന്ന കരാറിനെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിലെ തീവ്ര വലതുപക്ഷ അംഗങ്ങള്‍ പരസ്യമായി അപലപിച്ചു. എന്നാല്‍ നെതന്യാഹു തീവ്ര വലതുപക്ഷ വോട്ടുകള്‍ ഇല്ലാതെ പോലും തന്റെ സര്‍ക്കാരിനുള്ളില്‍ കരാറിനുള്ള പിന്തുണ വര്‍ധിപ്പിക്കുന്നതിലേക്ക് മുന്നേറിയിട്ടുണ്ടെന്ന് ഈ വിഷയവുമായി പരിചയമുള്ള ആളുകള്‍ പറയുന്നു.

ഇസ്രായേലി പൊതുജനങ്ങള്‍ ഈ കരാറിനെ കൂടുതലായി പിന്തുണയ്ക്കുന്നു. 60 ശതമാനം പേര്‍ പറയുന്നത് ഇസ്രായേല്‍ ഗാസയില്‍ തങ്ങളുടെ സൈനിക ലക്ഷ്യങ്ങള്‍ നേടിയെന്നും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ്.


error: Content is protected !!