
വാഷിംഗ്ണ്‍: ആഗോള വിതരണ ശൃംഖലകളിലും വ്യാപാര പാതകളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ കണക്കിലെടുത്ത് ഖത്തറും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയീദ് പറഞ്ഞു. വാഷിംഗ്ടണില്‍ കോണ്‍കോര്‍ഡിയ ഫൗണ്ടേഷനും അമേരിക്കയിലെ ഖത്തര്‍ എംബസിയും സംയുക്തമായി സംഘടിപ്പിച്ച കോണ്‍കോര്‍ഡിയ ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള വിപണികളുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഖത്തറിന്റെ പങ്കും അദ്ദേഹം വിശദീകരിച്ചു. വ്യാപാരം, നിക്ഷേപം, ഊര്‍ജം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ ഖത്തറും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക സഹകരണം വിപുലീകരിക്കാനുള്ള സാധ്യതകള്‍ അദ്ദേഹം ചര്‍ച്ച ചെയ്തു.

വെറും വ്യാപാര ഇടപാടുകള്‍ക്കപ്പുറം തന്ത്രപ്രധാന മേഖലകളില്‍ സംയുക്ത സംരംഭങ്ങളും പങ്കാളിത്തങ്ങളും രൂപപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. വിതരണക്കാരെയും വിപണികളെയും വ്യാപാര പാതകളെയും വൈവിധ്യവത്കരിക്കുന്നതിലൂടെ വിതരണ ശൃംഖലയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥരുമായും പ്രമുഖ കമ്പനികളുടെ സി ഇ ഒമാരുമായും അല്‍ സയീദ് കൂടിക്കാഴ്ച നടത്തി. ഖത്തര്‍- അമേരിക്ക വ്യാപാര- നിക്ഷേപ ബന്ധം ശക്തിപ്പെടുത്തുന്നതിനും മുന്‍ഗണനാ മേഖലകളില്‍ സംയുക്ത പദ്ധതികള്‍ വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകള്‍ കൂടിക്കാഴ്ചകളില്‍ ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും വ്യാപാര സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പൊതു- സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി.

