
ദോഹ: തോക്ക് കൈവശം വയ്ക്കുന്നതിനോ കൊണ്ടുനടക്കുന്നതിനോ ലൈസന്‍സ് ലഭിച്ചിട്ടുള്ളവര്‍ തങ്ങളുടെ തോക്കുകള്‍ മറ്റാര്‍ക്കും വായ്പയായി നല്‍കുകയോ കൈമാറുകയോ ചെയ്യരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ലൈസന്‍സ് ഉടമയുമായി എന്തുതരത്തിലുള്ള ബന്ധമുള്ള വ്യക്തിയായാലും തോക്ക് കൈമാറുകയോ മറ്റൊരാള്‍ക്ക് കൈവശം വയ്ക്കാന്‍ അനുവദിക്കുകയോ ചെയ്യരുതെന്ന് മന്ത്രാലയം വ്യക്തമാക്കി.

തോക്കിനുള്ള ലൈസന്‍സ് വ്യക്തിഗതവും നിയമപരമായി ലൈസന്‍സ് ഉടമയ്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതുമാണ്. തോക്ക് മറ്റൊരാള്‍ക്ക് കൈമാറുകയോ വായ്പയായി നല്‍കുകയോ ലൈസന്‍സില്ലാത്ത വ്യക്തിക്ക് കൈവശം വയ്ക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നത് ഭേദഗതികളോടെ പ്രാബല്യത്തിലുള്ള 1999ലെ ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, സ്‌ഫോടകവസ്തുക്കള്‍ സംബന്ധിച്ച നിയമം നമ്പര്‍ (14) പ്രകാരമുള്ള നിയമലംഘനമാണെന്ന് മന്ത്രാലയം അറിയിച്ചു.

നിയമലംഘനം നടത്തുന്ന സാഹചര്യത്തില്‍ ലൈസന്‍സ് ഉടമയ്ക്കും തോക്ക് കൈവശം വച്ച ലൈസന്‍സില്ലാത്ത വ്യക്തിക്കും ക്രിമിനല്‍ ബാധ്യതയും നിയമപ്രകാരമുള്ള ശിക്ഷയും നേരിടേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ക്ക് പുറമെ തോക്കിന്റെ ലൈസന്‍സ് റദ്ദാക്കുകയും തോക്ക് കണ്ടുകെട്ടുകയും ചെയ്യാം.
ഇത്തരത്തില്‍ ലൈസന്‍സ് റദ്ദാക്കപ്പെടുന്ന വ്യക്തിക്ക് ഭാവിയില്‍ തോക്ക് കൈവശം വയ്ക്കുന്നതിനോ കൊണ്ടുനടക്കുന്നതിനോ പുതിയ ലൈസന്‍സ് അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിലവിലുള്ള നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിച്ചതായി കണ്ടെത്തുന്നവര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു. സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനാണ് ഇത്തരം നടപടികളെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

