
അബൂഹമൂര്‍: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഐ സി എഫ് അസീസിയ റീജിയന്റെ ആഭിമുഖ്യത്തില്‍ ‘എന്റെ ഇന്ത്യ, എന്റെ അഭിമാനം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ‘ജനസഭ’ ശ്രദ്ധേയമായി. അബൂഹമൂര്‍ ഐ സി സി ഹാളില്‍ നടന്ന ചടങ്ങില്‍ സയ്യിദ് ജഹ്ഫര്‍ തങ്ങള്‍ മമ്പുറം അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് സെക്രട്ടറി ജാഫര്‍ തയ്യില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ത്യാഗോജ്ജ്വല മുഹൂര്‍ത്തങ്ങള്‍ അനുസ്മരിച്ച അദ്ദേഹം ആധുനിക ഇന്ത്യയുടെ വളര്‍ച്ചയിലും വികസനത്തിലും ഓരോ പൗരനുമുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് സംസാരിച്ചു.

വിഷയാവതരണ സെഷനില്‍ പ്രമുഖര്‍ വിവിധ മേഖലകളെ ആസ്പദമാക്കി സംസാരിച്ചു. ‘രാഷ്ട്രനിര്‍മാണത്തില്‍ യുവത്വത്തിന്റെ പങ്ക്’ എന്ന വിഷയത്തില്‍ ജലീല്‍ ഇര്‍ഫാനിയും ‘ഡിജിറ്റല്‍ ഇന്ത്യ: പുരോഗതിയുടെ പുതിയ പാതകള്‍’ എന്ന വിഷയം ശഫീഖ് കണ്ണപുരവും അവതരിപ്പിച്ചു. ‘ഇന്ത്യയുടെ വ്യവസായ വികസനം: നേട്ടങ്ങളും സാധ്യതകളും’ എന്നതിനെക്കുറിച്ച് കുട്ടി നടുവട്ടവും ‘ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം: ലോകത്തിനുള്ള സന്ദേശം’ എന്നതിനെക്കുറിച്ച് മുഹമ്മദ് നിസാര്‍ സഖാഫിയും സദസ്സിന് മുന്നില്‍ വിശകലനം നടത്തി.
റസാ ഹിമമിയുടെ നേതൃത്വത്തില്‍ ദേശഭക്തിഗാനാലാപനവും മധുര വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു. റീജിയനിലെ നിരവധി പ്രവര്‍ത്തകരും പൊതുജനങ്ങളും പങ്കെടുത്ത ചടങ്ങില്‍ മുനീര്‍ എടവണ്ണപാറ സ്വാഗതവും ഐ സി എഫ് നാഷണല്‍ സെക്രട്ടറി ഹാരിസ് വടകര അനുമോദന പ്രഭാഷണവും മുജീബ് കൊടിയത്തൂര്‍ നന്ദിയും പറഞ്ഞു.

