
ന്യൂഡല്‍ഹി: നാലു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ചൈനയും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു. ഒക്ടോബര്‍ അവസാനത്തോടെ സര്‍വീസുകള്‍ തുടങ്ങും.

ഷാങ്ഹായ് കോഓപറേറ്റീവ് ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഈ മാസം അവസാനത്തോടെ നേരിട്ടുള്ള യാത്രാ വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ചും വ്യോമ സേവന കരാര്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ചും ഈ വര്‍ഷം ആദ്യം മുതല്‍ ഇരുപക്ഷവും സാങ്കേതിക തലത്തിലുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു. നേരിട്ടുള്ള കണക്റ്റിവിറ്റി പുനഃസ്ഥാപിക്കുന്നതിലും പുതുക്കിയ വ്യോമ സേവന കരാര്‍ അന്തിമമാക്കുന്നതിലുമാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചത്. ശൈത്യകാല ഷെഡ്യൂള്‍ മുതല്‍ ഇന്ത്യയിലും ചൈനയിലും നിന്നുള്ള നിയുക്ത വിമാന സര്‍വീസുകള്‍ക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നടത്താന്‍ അനുവാദമുണ്ടാകും.
2019ല്‍ ഇന്ത്യയിലേക്കും ചൈനയിലേക്കും എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ചൈന സതേണ്‍, ചൈന ഈസ്റ്റേണ്‍ എന്നിവയുള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ 539 നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നടത്തിയിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. പിന്നീട് ഇരുരാജ്യങ്ങളിലേക്കും നേരിട്ട് യാത്ര ചെയ്യാനാവാതെ മൂന്നാമതൊരു രാജ്യം വഴിയാണ് യാത്ര നടത്തിയിരുന്നത്.

