

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പടുകൂറ്റന്‍ വിജയം. ആദ്യ ടെസ്റ്റില്‍ മൂന്ന് ദിവസം തികയും മുമ്പേ ഇന്നിംഗ്സിനും 222 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ലങ്ക രണ്ട് ഇന്നിംഗ്സുകളിലുമായി യഥാക്രമം 174, 178 റണ്‍സിന് പുറത്താവുകയായിരുന്നു.

ആദ്യ ഇന്നിംഗ്സില്‍ 400 റണ്‍സിന് പിറകിലായിരുന്ന ശ്രീലങ്ക ഫോളോ ഓണ്‍ ചെയ്യാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഒന്നാം ഇന്നിംഗ്സിലെ അതേ തകര്‍ച്ച രണ്ടാം ഇന്നിംഗ്സിലും തുടര്‍ന്നപ്പോള്‍ ലങ്കയുടെ പതനം പൂര്‍ത്തിയായി.

നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ആര്‍ അശ്വിനും ജഡേജയുമാണ് ശ്രീലങ്കയെ ചുരുട്ടിക്കെട്ടിയത്. ഷമിയാണ് അവശേഷിച്ച രണ്ട് വിക്കറ്റുകള്‍ പിഴുതത്. ഇതോടെ രണ്ട് ഇന്നിംഗ്സുകളില്‍ നിന്നുമായി അശ്വിന്‍ 8 വിക്കറ്റും ജഡേജ 9 വിക്കറ്റും സ്വന്തമാക്കി.
രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്കയ്ക്കായി ഡിക്ക്വെല്ല മാത്രമാണ് തിളങ്ങിയത്. 81 പന്തില്‍ ഒന്‍പത് ഫോറടക്കം പുറത്താവാതെ 51 റണ്‍സാണ് താരം സ്വന്തമാക്കിയത്. കരുണരത്‌നെ (27), ഏയ്ഞ്ചലോ മാത്യൂസ് (28), ധനഞ്ജയ ഡി സില്‍വ (30), ചരിത് അസലങ്ക (20) എന്നിവരാണ് അല്‍പമെങ്കിലും ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചത്.

