

നോര്‍ത്ത് സൗണ്ട് (ആന്റിഗ്വ): അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം തിരിച്ചു പിടിച്ച് ഇന്ത്യ. 2011 ഏകദിന ലോകകപ്പ് ഓര്‍മിപ്പിക്കും വിധമായിരുന്നു കൗമാരപ്പടയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റും 14 പന്തും ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ഇ്ന്ത്യയുടെ അഞ്ചാം ലോകകിരീടമാണിത്.

സ്‌കോര്‍: ഇംഗ്ലണ്ട് 44.5 ഓവറില്‍ 189നു പുറത്ത്. ഇന്ത്യ 47.4 ഓവറില്‍ 6ന് 195. വൈസ് ക്യാപ്റ്റന്‍ ഷെയ്ക്ക് റഷീദിന്റെയും (50) നിഷാന്ത് സിന്ധുവിന്റെയും (50 നോട്ടൗട്ട്) അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയുടെ ചെയ്സിങ് അനായാസമാക്കിയത്. ഇന്ത്യയ്ക്കു വേണ്ടി പേസര്‍മാരായ രാജ് ബാവ അഞ്ചും രവി കുമാര്‍ നാലും വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിന്റെ ആദ്യ 7 വിക്കറ്റുകള്‍ 25 ഓവറായപ്പോഴേക്കും ഇന്ത്യന്‍ ബോളര്‍മാര്‍ വീഴ്ത്തിയതാണ്. സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ 91 റണ്‍സ് മാത്രം. എന്നാല്‍ എട്ടാം വിക്കറ്റില്‍ ജയിംസ് റ്യൂവും ജയിംസ് സാലസും നേടിയ 93 റണ്‍സ് കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു. റ്യൂ 95 റണ്‍സെടുത്തു. സാലസ് 34 റണ്‍സുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങില്‍ രണ്ടാം പന്തില്‍ തന്നെ അംഗ്ക്രിഷ് രഘുവംശിയെ (0) ഇന്ത്യയ്ക്കു നഷ്ടമായി. എന്നാല്‍, ഷെയ്ക്ക് റഷീദ് (50) ഉറച്ചുനിന്നു കളിച്ചതോടെ ഇന്നിങ്സിന് അടിത്തറയായി. റഷീദിനെയും ക്യാപ്റ്റന്‍ യഷ് ദൂലിനെയും (17) പുറത്താക്കി ഇംഗ്ലണ്ട് തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും നിഷാന്ത് സിന്ധുവും (50 നോട്ടൗട്ട്) രാജ് ബാവയും (35) ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യന്‍ പ്രതീക്ഷ കാത്തു. 43-ാം ഓവറില്‍ ബാവയും പിന്നാലെ കൗശല്‍ ടാംബെയും (1) പുറത്തായെങ്കിലും ദിനേഷ് ബാനയെ (13) കൂട്ടുപിടിച്ച് സിന്ധു ഇന്ത്യയെ വിജയത്തിലെത്തിച്ചു. തുടരെ രണ്ട് സിക്സടിച്ചാണ് ബാന കളി തീര്‍ത്തത്.

