

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസ് സെലിബ്രേഷന്‍ കമ്മിറ്റി ഇന്ത്യന്‍ മാമ്പഴങ്ങളുടേയും അവയുടെ ഉത്പന്നങ്ങളുടേയും പ്രദര്‍ശനത്തിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 12 മുതല്‍ 21 വരെയാണ് ഇന്ത്യന്‍ മാമ്പഴ പ്രദര്‍ശന വില്‍പ്പന മേളയായ ഹംബ സൂഖ് വാഖിഫില്‍ അരങ്ങേറുക.

കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ പതിപ്പിന്റെ മികച്ച വിജയത്തെ തുടര്‍ന്നാണ് ഈ വര്‍ഷവും പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രദര്‍ശനത്തിനായി പ്രത്യേകം എയര്‍- ഷിപ്പ് ചെയ്ത ഏറ്റവും മികച്ച പുതിയ ഇന്ത്യന്‍ മാമ്പഴങ്ങളാണ് ലഭ്യമാക്കുന്നത്. നിരവധി പ്രാദേശിക, ഇന്ത്യന്‍ കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. മധുരപലഹാരങ്ങള്‍, അച്ചാറുകള്‍, ജ്യൂസുകള്‍, മാമ്പഴത്തില്‍ നിന്ന് നിര്‍മ്മിച്ച സൈഡ് ഡിഷുകള്‍ തുടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങളുടെ ശ്രേണിക്കൊപ്പം പുതിയ മാമ്പഴ ഇനങ്ങളും ആദ്യമായി പ്രാദേശിക വിപണിയില്‍ അവതരിപ്പിക്കും.

ഇന്ത്യയില്‍ നിന്ന് ദിവസവും എത്തിക്കുന്ന മാമ്പഴങ്ങളുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിന് പ്രദര്‍ശന വേദിയില്‍ എയര്‍ കണ്ടീഷനിംഗ് സജ്ജീകരിച്ചിട്ടുണ്ട്. വ്യാപാര വിനിമയം വര്‍ധിപ്പിക്കുന്നതിലൂടെയും വില്‍പ്പനക്കാര്‍ക്കിടയില്‍ മത്സര അന്തരീക്ഷം വളര്‍ത്തുന്നതിലൂടെയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കുന്നതിന് ഈ പരിപാടി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അത് പ്രാദേശിക ഉപഭോക്താക്കളെ ഗുണപരമായി സ്വാധീനിക്കുമെന്നും പ്രദര്‍ശനത്തിന്റെ ജനറല്‍ സൂപ്പര്‍വൈസര്‍ ഖാലിദ് സെയ്ഫ് അല്‍ സുവൈദ് പറഞ്ഞു.
പ്രദര്‍ശനം എല്ലാ ദിവസവും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും. പൊതു അവധി ദിവസങ്ങളില്‍ രാത്രി 10 വരെ ഒപ്രവര്‍ത്തിക്കും. പ്രദര്‍ശനം സന്ദര്‍ശിക്കാനും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ മാമ്പഴങ്ങളുടെ അതുല്യമായ രുചി അനുഭവം ആസ്വദിക്കാനും സംഘാടകര്‍ കമ്മ്യൂണിറ്റി അംഗങ്ങളെ ക്ഷണിച്ചു.

