
ദോഹ: രാഷ്ട്രീയ- സാമൂഹിക- ജീവകാരുണ്യ- കായിക- കലാ- സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞ് നിന്ന കെ മുഹമ്മദ് ഈസ എന്ന ഈസക്ക ഏവര്‍ക്കും മാതൃകയാക്കാവുന്ന അനുകരണീയ വ്യക്തിത്വമായിരുന്നുവെന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ പറഞ്ഞു.
ഈസക്കയുടെ ഒന്നാം ഓര്‍മ്മ ദിനത്തില്‍ ‘മായാതെ മനസിലെന്നും…’ എന്ന പേരില്‍ കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കലയെയും സാംസ്‌കാരിക സംരംഭങ്ങളെയും അതിരറ്റ് സ്‌നേഹിക്കുകയും അവശതയനുഭവിക്കുന്ന കലാ- കായിക താരങ്ങളുടെ ജീവിത സാഹചര്യങ്ങളിലേക്ക് കൂടി എത്തി നോക്കുന്നതായിരുന്നു ഈസക്കയുടെ പ്രകൃതമെന്നും അവരെ ചേര്‍ത്ത് പിടിക്കാന്‍ അദ്ദേഹം പരിശ്രമിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി എച്ച് സെന്റര്‍, ബൈത്തുറഹ്മ തുടങ്ങി മുസ്ലിം ലീഗിന്റെയും കെ എം സി സിയുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ അദ്ദേഹം തുല്യപ്രാധാന്യത്തോടെ കലാകാരന്മാരെയും പരിഗണിച്ചിരുന്നു.

കെ എം സി സി ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുല്‍ ആബീദിന്‍ സഫാരി ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡി ഭാരവാഹികളായ എ പി മണികണ്ഠന്‍, ഷാനവാസ് ബാവ, വേള്‍ഡ് കെ എം സി സി നേതാക്കളായ എസ് എ എം ബഷീര്‍, അബ്ദുന്നാസര്‍ നാച്ചി, ഹൈദര്‍ ചുങ്കത്തറ, കെ എം സി സി ഖത്തര്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് സവാദ് വെളിയങ്കോട്, ഈസക്കയുടെ മരുമകന്‍ ആസാദ് എന്നിവര്‍ സംസാരിച്ചു.
ഈസക്കയുടെ ജീവിതത്തിന്റെ പ്രധാന രേഖകളെ കോര്‍ത്തിണക്കി കെ എം സി സി കലാ- സാംസ്‌കാരിക സമിതി സമീക്ഷ ചെയര്‍മാന്‍ മജീദ് നാദാപുരം തയ്യാറാക്കിയ ഈസക്ക അനുസ്മരണ വീഡിയോ ശ്രദ്ധേയമായി.
സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറര്‍ പി എസ് എം ഹുസൈന്‍ നന്ദിയും പറഞ്ഞു. മുഹമ്മദ് സുഫിയാന്‍ ഖുര്‍ആന്‍ പാരായണവും സലീം റഹ്മാനി പ്രാര്‍ഥനയും നിര്‍വഹിച്ചു.

